സമനില വിടാതെ ചെന്നൈയിനും മോഹൻ ബഗാനും

Staff Reporter

ഇന്ത്യൻ സൂപ്പർ ലീഗിൽ ഇന്ന് നടന്ന ആവേശകരമായ മത്സരത്തിൽ ഗോൾ രഹിത സമനിലയിൽ പിരിഞ്ഞ് ചെന്നൈയിനും മോഹൻ ബഗാനും. ഒരു ഫുട്ബോൾ മത്സരത്തിന്റെ മുഴുവൻ സൗന്ദര്യവും നിറഞ്ഞ മത്സരത്തിൽ ഗോൾ മാത്രമാണ് വിട്ടുനിന്നത്. ഗോൾ കീപ്പർ അരിണ്ടം ഭട്ടാചാര്യയുടെ മികച്ച രക്ഷപെടുത്തലുകൾ ആണ് മത്സരത്തിൽ എ.ടി.കെ മോഹൻ ബഗാന്റെ രക്ഷക്കെത്തിയത്.

ഇരു ടീമുകളും ആക്രമിച്ചു കളിച്ച മത്സരത്തിൽ ഗോൾ മാത്രം പിറന്നില്ല. ഇന്നത്തെ മത്സരത്തോടെ പരാജയമറിയാതെ മോഹൻ ബഗാൻ മറ്റൊരു മത്സരം കൂടി പൂർത്തിയാക്കുകയും ചെയ്തു. കഴിഞ്ഞ നാല് മത്സരങ്ങളിൽ മോഹൻ ബഗാൻ പരാജയമറിഞ്ഞിട്ടില്ല. നിലവിൽ 8 മത്സരങ്ങളിൽ നിന്ന് 17 പോയിന്റുമായി എ.ടി.കെ മോഹൻ ബഗാൻ പോയിന്റ് ടേബിളിൽ ഒന്നാം സ്ഥാനത്താണ്. ഇന്നത്തെ സമനിലയോടെ 8 മത്സരങ്ങളിൽ നിന്ന് 10 പോയിന്റുമായി ചെന്നൈയിൻ ഏഴാം സ്ഥാനത്താണ്.