ഈ സീസൺ ഐ എസ് എല്ലിൽ ശ്രദ്ധാ കേന്ദ്രമായി മാറുന്നത് ഒരു ഇന്ത്യൻ യുവതാരം ആണ് എന്നത് അഭിമാനകരമായ കാര്യമാണ്. 22കാരനായ ലിസ്റ്റൺ കൊളാസോ ഹൈദാബാദിന്റെ മഞ്ഞ ജേഴ്സിയിൽ അത്ഭുതങ്ങളാണ് കാണിക്കുന്നത്. ഇന്നലെ സബ്ബായി എത്തി ഈസ്റ്റ് ബംഗാൾ ഡിഫൻസിനെ തകർത്തത് ലിസ്റ്റന്റെ വളർച്ചയ്ക്ക് അടിവര ഇടുന്ന പ്രകടനമായിരുന്നു. ഒരു ഗോളിന് പിറകിലായിരുന്നു തന്റെ ടീമിനെ രണ്ടാം പകുതിയിൽ എത്തി രക്ഷിച്ചത് ലിസ്റ്റൺ തന്നെ ആയിരുന്നു.
രണ്ട് മനോഹര അസിസ്റ്റുകൾ ലിസ്റ്റന്റെ കാലിൽ നിന്ന് പിറന്നു. ഇതിൽ രണ്ടാമത്തെ ഗോളിനായി ലിസ്റ്റൺ നടത്തിയ വിങ്ങിലൂടെയുള്ള കുതിപ്പ് ഈസ്റ്റ് ബംഗാൾ ഡിഫൻസിനെ ആകെ വെള്ളം കുടിപ്പിച്ചിരുന്നു. ഈ സീസണിൽ പേരിൽ രണ്ട് അസിസ്റ്റ് മാത്രമെ കാണു എങ്കിലും ലിസ്റ്റന്റെ സാന്നിദ്ധ്യം എങ്ങനെ ഹൈദരബാദിന്റെ കളി മാറ്റുന്നു എന്നത് കളി കണ്ടവർക്ക് മനസ്സിലാകും. പന്തും എടുത്ത് ഡിഫൻസിനു നേരെ കുതിക്കാൻ യാതൊരു ഭയവും ലിസ്റ്റണില്ല. അതു തന്നെയാണ് ലിസ്റ്റണെ മറ്റു ഇന്ത്യൻ അറ്റാക്കിംഗ് താരങ്ങളിൽ നിന്നും വ്യത്യസ്തനാക്കുന്നതും.
കഴിഞ്ഞ സീസണിൽ രണ്ടു ഗോളുകൾ ഐ എസ് എല്ലിൽ അടിച്ചിട്ടുള്ള ലിസ്റ്റൺ ഈ സീസണിൽ തന്റെ ആദ്യ ഗോളിനായുള്ള കാത്തിരിപ്പിലാണ്. അത് ഉടൻ തന്നെ വരും. ഈ പ്രകടനം തുടരുക ആണെങ്കിൽ ഇന്ത്യൻ ദേശീയ ടീമിനും ഒരു മുതൽക്കൂട്ടാകാൻ ലിസ്റ്റണ് ആകും. എഫ് സി ഗോവയിൽ നിന്നായിരുന്നു ലിസ്റ്റൺ കൊളാസൊ ഹൈദരാബാദിലേക്ക് എത്തിയത്. ലിസ്റ്റണെ നൽകിയത് ഓർത്ത് ഗോവ ഇതിനകം തന്നെ സങ്കടപ്പെടുന്നുണ്ടാകും. സാൽഗോക്കറിന്റെ യുവടീമിലൂടെ വളർന്നു വന്ന താരമാണ് കൊലാസൊ. ഗോവയ്ക്ക് വേണ്ടി സന്തോഷ് ട്രോഫിയിലും മുമ്പ് കളിച്ചിട്ടുണ്ട്.