കേരള ബ്ലാസ്റ്റേഴ്സിന് വീണ്ടും തിരിച്ചടി, സുയിവർലൂൺ രണ്ട് മാസത്തോളം പുറത്ത്

- Advertisement -

കേരള ബ്ലാസ്റ്റേഴ്സിന് ഈ സീസണിൽ തിരിച്ചടികൾ ഒന്നിനു പിറകെ ഒന്നായി വരികയാണ്. കേരള ബ്ലാസ്റ്റേഴ്സിന്റെ സെന്റർ ബാക്കായ സുയിവർലൂണിന്റെ പരിക്ക് സാരമുള്ളതാണ് എന്ന് ക്ലബ് അറിയിച്ചു. താരം ആറു മുതൽ എട്ടാഴ്ച വരെ കളത്തിന് പുറത്തിരിക്കേണ്ടി വരും. സീസൺ ആരംഭം മുതൽ പരിക്കോടെ ആയിരുന്നു സുയിവർലൂൺ കളിച്ചിരുന്നത്. അവസാന മത്സരത്തോടെ പരിക്ക് സാരമുള്ളതായി മാറുകയായിരുന്നു.

കേരള ബ്ലാസ്റ്റേഴ്സ് സെന്റർ ബാക്കായ ജിങ്കനും പരിക്കേറ്റ് ദീർഘകാല പുറത്തിരിക്കേണ്ട അവസ്ഥയിലാണ്. സുയിവർലൂൺ കൂടെ പുറത്തായതോടെ ആരെ സെന്റർ ബാക്കായി കളിപ്പിക്കും എന്നത് ഷറ്റോരിക്ക് തലവേദനയാകും. ജൈറോ മാത്രമാണ് ഇപ്പോൾ ടീമിൽ വിശ്വസിച്ച് ഇറക്കാൻ പറ്റുന്ന ഒരു സെന്റർ ബാക്ക്. ജൈറോയും പൂർണ്ണ ഫിറ്റ്നെസിലേക്ക് എത്തിയിട്ടില്ല. രാജു ഗെയ്ക്വാദ്, ഹക്കു, ലാൽറുവത്താര എന്നിവരിൽ ആരെങ്കിലും ഒരാൾ ജൈറോയ്ക്ക് ഒപ്പം നാളെ മുതൽ ഇറങ്ങേണ്ടി വരും. പരിചയ സമ്പത്തുള്ള രാജുവിനാകും കോച്ച് മുൻഗണന നൽകുക. എന്നാൽ രാജുവിന്റെ അവസാന സീസണുകളിലെ പ്രകടനങ്ങൾ അത്ര പ്രതീക്ഷ നൽകുന്നതല്ല.

Advertisement