തീ പാറുന്ന ഫൈനൽ, അവസരങ്ങൾ നഷ്ടമാക്കി ബ്ലാസ്റ്റേഴ്സ്

ഇന്ത്യൻ സൂപ്പർ ലീഗിന്റെ ഫൈനലിൽ ഹൈദരാബാദ് എഫ്സിയും കേരള ബ്ലാസ്റ്റേഴ്സും ഏറ്റുമുട്ടുന്ന ഐഎസ്എൽ ഫൈനലിന്റെ ആദ്യ പകുതി അവസാനിച്ചപ്പോൾ ഗോൾ രഹിത സമനില. കളിയുടെ തുടക്കം മുതൽ തന്നെ ഒരു ടീമുകളും അക്രമിച്ച് കളിച്ചെങ്കിലും ഇരു ടീമുകൾക്കും ഗോൾ കണ്ടെത്താനായില്ല. ഇന്നത്തെ മത്സരത്തിൽ മികച്ച അവസരങ്ങൾ കേരള ബ്ലാസ്റ്റേഴ്സിന് ലഭിച്ചെങ്കിലും നിർഭാഗ്യവശാൽ ഗോൾ കണ്ടെത്താനായില്ല. ആദ്യ മിനുട്ട് മുതൽ തന്നെ അക്രമിച്ച് കളിക്കാൻ കേരള ബ്ലാസ്റ്റേഴ്സ് ശ്രമം തുടങ്ങിയിരുന്നു. വളരെ ഫിസിക്കലായ മത്സരമായിരുന്നു ഇന്ന് ഗോവയിൽ കണ്ടത്.

Img 20220320 193253

കളിയുടെ 14ആം മിനുട്ടിൽ ഖാബ്രയുടെ ഒരു ബ്രില്ല്യന്റ് ക്രോസ് ഡിയാസ് ഹെഡ്ഡ് ചെയ്തെങ്കിലും ഹൈദരാബാദിന്റെ വലകുലുക്കാൻ സാധിച്ചില്ല. പിന്നീട് തുടർച്ചയായി ബ്ലാസ്റ്റേഴ്സ് അക്രമിച്ച് കൊണ്ടേയിരുന്നു. 20ആം മിനുട്ടിൽ ഒരു ലോംഗ് റെയിഞ്ചറിന് ശ്രമിച്ച് രാഹുൽ കെപി പരാജയപ്പെട്ടു. പലപ്പോളും ഹൈദരാബാദ് കൗണ്ടർ അറ്റാക്കുകളുമായി രംഗത്ത് എത്തിയെങ്കിലും ബ്ലാസ്റ്റേഴ്സ് പ്രതിരോധം തടസമായി. ആദ്യപകുതി അവസാന ഘട്ടത്തോട് അടുത്തപ്പോൾ സുവർണാവസരം ബ്ലാസ്റ്റേഴ്സിന് ലഭിച്ചിരുന്നു. 38ആം മിനുട്ടിൽ ആല്വാരോ വാസ്കസിന്റെ ഷോട്ട് ക്രോസ് ബാറിൽ തട്ടിപുറത്ത് പോയി. റീബൗണ്ടിൽ ഹൈദരബാദിനെ ലക്ഷ്യം വെച്ച ഡിയാസിനും പിഴച്ചപ്പോൾ ബ്ലാസ്റ്റേഴ്സിന് നിരാശയായിരുന്നു ഫലം. അവസാന നിമിഷത്തിൽ ഹൈദരാബാദിന് ലഭിച്ച ഫ്രീ കിക്ക് തടയാൽ ഗില്ലിന് സാധിച്ചു.