കേരള ബ്ലാസ്റ്റേഴ്സ് എഫ് സിയുടെ അടുത്ത സീസണു മുന്നോടിയായുള്ള പ്രീ സീസൺ യാത്ര തായ്‌ലൻഡിലേക്ക് ആകും നടക്കുക. ക്ലബ്ബ് അടുത്തമാസം തായ്‌ലാൻഡിലേക്ക് യാത്ര ചെയ്യുമെന്ന് മലയാളത്തിലെ പ്രമുഖ മാധ്യമമായ മനോരമ റിപ്പോർട്ട് ചെയ്യുന്നു. ഇത്തവണ നേരത്തെ തന്നെ ഒരുക്കങ്ങൾ ആരംഭിച്ച് സീസണ് വേണ്ടി നന്നായി ഒരുങ്ങാനാണ് കേരള ബ്ലാസ്റ്റേഴ്സ് ആഗ്രഹിക്കുന്നത്.
പുതിയ പരിശീലകൻ മൈക്കിൾ സ്റ്റാറേ ഈ മാസം അവസാനം കൊച്ചിയിൽ എത്താൻ സാധ്യതയുണ്ട്. ബ്ലാസ്റ്റേഴ്സ് ജൂലൈ ആദ്യവാരം ഇന്ത്യൻ താരങ്ങളെ വെച്ച് കൊച്ചിയിൽ ക്യാമ്പ് ആരംഭിക്കും. അതിനുശേഷം അവർ തായ്‌ലാൻഡിലേക്ക് യാത്രതിരിക്കും. മൂന്നാഴ്ചയോളം കേരള ബ്ലാസ്റ്റേഴ്സ് തായ്‌ലാൻഡിൽ ഉണ്ടാകും എന്ന് പ്രതീക്ഷിക്കപ്പെടുന്നു. കേരള ബ്ലാസ്റ്റേഴ്സിന്റെ വിദേശ താരങ്ങൾ നേരെ തായ്‌ലാൻഡിലേക്ക് ആകും എത്തുക. ബ്ലാസ്റ്റേഴ്സ് അവിടെ 3 പ്രീ സീസൺ മത്സരങ്ങൾ കളിക്കുമെന്ന് റിപ്പോർട്ടുകൾ ഉണ്ട്.
തായ്‌ലൻഡിലെ പ്രിസീസൺ കഴിഞ്ഞ ശേഷം കേരള ബ്ലാസ്റ്റേഴ്സ് നേരെ കൊൽക്കത്തയിൽ ചെന്ന് ഡ്യൂറൻഡ് കപ്പിൽ പങ്കെടുക്കും. അതു കഴിഞ്ഞാകും ടീം കൊച്ചിയിലേക്ക് തിരിച്ചെത്തുക. ജൂലൈ ആകും മുമ്പ് കേരള ബ്ലാസ്റ്റേഴ്സ് അവരുടെ വിദേശ താരങ്ങളുടെ സൈനിംഗ് പൂർത്തിയാകും എന്നും പ്രതീക്ഷിക്കപ്പെടുന്നു. അവസാന രണ്ട് സീസണുകളിൽ കേരള ബ്ലാസ്റ്റേഴ്സ് യുഎഇയിൽ ആയിരുന്നു പ്രി സീസൺ യാത്ര നടത്തിയിരുന്നത്.