ആരാകും കേരള ബ്ലാസ്റ്റേഴ്സിന്റെ കാവൽ മാലാഖ

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

ഇനി ഐ എസ് എൽ സീസൺ തുടങ്ങാൻ വിരലിൽ എണ്ണാവുന്ന ദിവസങ്ങൾ മാത്രമെ ഉള്ളൂ. കേരള ബ്ലാസ്റ്റേഴ്സ് സ്ക്വാഡ് പൂർണ്ണ സജ്ജമായ അവസരത്തിൽ സ്ക്വാഡിന്റെ ഒരോ ഡിപ്പാർട്ട്മെന്റും വിശദമായി പരിശോധിക്കുകയാണ് ഫാൻപോർട്ട്. ആദ്യം ഗോൾ കീപ്പിംഗ് വിഭാഗം നോക്കാം. കഴിഞ്ഞ സീസണിൽ കേരള ബ്ലാസ്റ്റേഴ്സിന് ഒരുപാട് തവലവേദന നൽകിയ പൊസിഷൻ ആയിരുന്നു ഗോൾ കീപ്പിങ് പൊസിഷൻ. ഒരു ഒന്നാം നമ്പറിനെ തീരുമാനിക്കാൻ ഈൽകോ ഷറ്റോരിക്ക് ആയിരുന്നില്ല. അതിന് കേരള ബ്ലാസ്റ്റേഴ്സ് വലിയ വിലയും കൊടുക്കേണ്ടി വന്നിരുന്നു.

ഇത്തവണ ഗോൾ കീപ്പിംഗിൽ കരുതലോടെയാണ് കേരള ബ്ലാസ്റ്റേഴ്സ് നീങ്ങിയത്. നാലു ഗോൾ കീപ്പർമാരാണ് ഐ എസ് എൽ സ്ക്വാഡിൽ ഉള്ളത്‌. ആൽബിനോ ഗോമസ്, ബിലാൽ ഖാൻ, പ്രബ്സുകൻ ഗിൽ, മുഹീത് ശബീർ ഖാൻ എന്നിവരിൽ ആരാകും വലയ്ക്ക് മുന്നിൽ ഉണ്ടാവുക എന്നത് നോക്കാം.

കഴിഞ്ഞ സീസണിൽ കേരള ബ്ലാസ്റ്റേഴ്സിനൊപ്പം ഉണ്ടായിരുന്ന ബിലാൽ ഖാനാണ് കേരള ബ്ലാസ്റ്റേഴ്സ് ഇത്തവണ ഒന്നാം നമ്പർ നൽകിയത്. അതുകൊണ്ട് തന്നെ ബിലാൽ ആകും ആദ്യ മത്സരങ്ങളിൽ കേരള ബ്ലാസ്റ്റേഴ്സ് ആദ്യ ഇലവനിൽ ഉണ്ടാവുക എന്ന് കരുതാം. കഴിഞ്ഞ സീസണിൽ അവസരം കിട്ടിയപ്പോൾ ഒക്കെ പ്രതീക്ഷ നൽകുന്ന പ്രകടനങ്ങൾ കാഴ്ചവെക്കാൻ ബിലാൽ ഖാന് ആയിരുന്നു. അഞ്ചു മത്സരങ്ങളിൽ ആണ് ബിലാൽ കഴിഞ്ഞ സീസണിൽ ബ്ലാസ്റ്റേഴ്സ് വല കാത്തത്. മുമ്പ് റിയൽ കാശ്മീർ ഗോൾ കീപ്പർ ആയിരിക്കെ ഐ ലീഗിലെ ഏറ്റവും മികച്ച ഗോൾ കീപ്പർക്കുള്ള പുരസ്കാരം ബിലാൽ സ്വന്തമാക്കിയിരുന്നു.

ബിലാലിന് ഒപ്പം നിൽക്കുന്ന ഗോൾ കീപ്പറാണ് ആൽബിനോ ഗോമസ്. ദീർഘകാലമായി പരിക്കേറ്റ് പുറത്തായിരുന്നു ഗോമസ്. എങ്കിലും പരിചയസമ്പത്ത് ഏറെയുള്ള താരമാണ്. ഒരു സമയത്ത് ഇന്ത്യയുടെ ഭാവി ഗോൾ കീപ്പർ ആകും എന്ന് പ്രവചിക്കപ്പെട്ട താരമാണ് ഗോമസ്. 2016-17 സീസണിൽ ഐസാൾ ഐ ലീഗ് കിരീടം നേടിയപ്പോൾ എട്ടു ക്ലീൻ ഷീറ്റുമായി ഗോൾ വലയ്ക്ക് മുന്നിൽ വന്മതിൽ ആകാൻ ഗോമസിന് ആയിരുന്നു. ആ ഗോമസ് ഉയർത്തെഴുന്നേൽക്കുമോ എന്നാണ് ഫുട്ബോൾ ആരാധകർ ഉറ്റു നോക്കുന്നത്.

പ്രബ്ഷുകൻ ഗിൽ 19കാരൻ ആണ്. ബെംഗളൂരു എഫ് സിയിൽ നിന്നാണ് കേരള ബ്ലാസ്റ്റേഴ്സ് ഗില്ലിനെ റാഞ്ചിയത്. ഇന്ത്യയിലെ ഏറ്റവും മികച്ച യുവ ഗോൾ കീപ്പർമാരിൽ ഒരാളാണ് ഗിൽ. രണ്ട് സീസണോളം ഇന്ത്യൻ ആരോസിന്റെ വല കാത്തിട്ടുണ്ട്. ഇന്ത്യൻ അണ്ടർ 23 ടീമിന്റെ സ്ഥിരം ഒന്നാം നമ്പറുമാണ്. ഗില്ലിന് ഈ സീസണിൽ എത്ര അവസരം കിട്ടുമെന്നത് കണ്ടറിയണം. മുഹീത് ശബീർ ഖാനും 19കാരൻ ആണ്. കേരള ബ്ലാസ്റ്റേഴ്സ് റിസേർവ്സ് സ്ക്വാഡിനൊപ്പം നേരത്തെ ഉണ്ടായിരുന്ന മുഹീതിന് ഇത് വലിയ സ്ഥാന കയറ്റമാണ്. അവസരം കിട്ടിയാൽ കഴിവ് തെളിയിക്കാൻ ഉള്ള മികവ് മുഹീതിനും ഉണ്ട്.

നാല് മികച്ച കീപ്പർമാർ ഉണ്ട് എങ്കിലും എത്രയും പെട്ടെന്ന് ഒരു സ്ഥിര ഒന്നാം നമ്പറിനെ കണ്ടെത്തുക ആകും വികൂനയുടെ ലക്ഷ്യം. ഗോൾ കീപ്പർമാരാണ് ഡിഫൻസിന്റെ സ്ഥിരതിൽ പ്രധാനം. കഴിഞ്ഞ സീസണിൽ ഗോൾ കീപ്പർമാരെ ഇടക്കിടെ മാറ്റിയത് കേരള ബ്ലാസ്റ്റേഴ്സ് ഡിഫൻസിന്റെ താളം തെറ്റിച്ചിരുന്നു.