കേരള ബ്ലാസ്റ്റേഴ്സിൻ്റെ പ്രീസൺ ക്യാമ്പ് ജൂലൈ 30 മുതൽ കൊച്ചിയിൽ, നാലു യുവ മലയാളി താരങ്ങൾ പുതുതായി സ്ക്വാഡിൽ

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

കൊച്ചി: ജൂലൈ 21, 2021: ഇന്ത്യൻ സൂപ്പർ ലീഗ് (ഐഎസ്എൽ) 2021/22 സീസണിന് മുന്നോടിയായുള്ള ക്ലബ്ബിൻ്റെ പ്രീസീസൺ തയ്യാറെടുപ്പുകൾ ജൂലൈ 30ന് കൊച്ചിയിൽ ആരംഭിക്കുമെന്ന് കേരള ബ്ലാസ്റ്റേഴ്സ് എഫ്‌സി അറിയിച്ചു.

മുഖ്യ പരിശീലകൻ ഇവാൻ വുകോമനോവിച്ച്, കോച്ചിങ് സ്റ്റാഫ്, താരങ്ങൾ എന്നിവർ പ്രീസീസണിന്റെ ആദ്യ പാദത്തിനായി കൊച്ചിയിൽ എത്തും. വിദേശത്തായിരിക്കും ക്ലബ്ബിൻ്റെ ബാക്കിയുള്ള സന്നാഹങ്ങൾ. ഫിസിക്കൽ കണ്ടീഷനിങ്ങിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിന് മുമ്പായുള്ള പ്രതിരോധ കുത്തിവയ്പ്പുകളും മെഡിക്കൽ പരിശോധനകളും ഒരു മാസം നീണ്ടുനിൽക്കുന്ന പരിശീലന ക്യാമ്പിലൂടെ പൂർത്തീകരിക്കും.

പ്രീസീസൺ ഷെഡ്യൂളിനിടെ, കുറഞ്ഞത് ആറ് അക്കാദമി താരങ്ങൾക്ക് ആദ്യ ടീമിനൊപ്പം കളിക്കാനുള്ള അവസരം നൽകാനാണ് ഇവാൻ ഒരുങ്ങുന്നത്. ഇവരിൽ നാലുപേർ കേരളത്തിൽ നിന്നുള്ളവരായിരിക്കും. റിസർവ് ടീം താരങ്ങളായ സച്ചിൻ സുരേഷ്, ശ്രീകുട്ടൻ വി.എസ്, ഷഹജാസ് തെക്കൻ, ബിജോയ് വി, സുഖാം യോയിഹെൻ‌ബ മെയ്തേ, അനിൽ ഗോയങ്കർ എന്നിവരെല്ലാം ബ്ലാസ്റ്റേഴ്സിന്റെ പ്രീ സീസൺ സൗഹൃദ മത്സരങ്ങളിൽ അണിനിരക്കും.

ഓഗസ്റ്റ് തുടക്കത്തിൽ തന്നെ ഞങ്ങളുടെ താരങ്ങളെ കളിക്കളത്തിൽ കാണുന്നതിൽ അതിയായ സന്തോഷമുണ്ടെന്ന് കേരള ബ്ലാസ്റ്റേഴ്സ് എഫ്‌സി സ്‌പോർട്ടിങ് ഡയറക്ടർ കരോലിസ് സ്കിൻകിസ് പറഞ്ഞു.
താരങ്ങളെ അറിയാനും, ഫിസിക്കൽ കണ്ടീഷനിങ് സജ്ജമാകാനും, പ്രധാന തന്ത്രങ്ങൾ നടപ്പിലാക്കാനുമായി കോച്ചിങ് സ്റ്റാഫിന് താരങ്ങളോടൊപ്പം പ്രവർത്തിക്കാൻ കൂടുതൽ സമയം നൽകാൻ കഴിയുന്നതിൽ എനിക്ക് സന്തോഷമുണ്ട്. ഈ പ്രവർത്തനങ്ങൾക്കെല്ലാം സമയം ആവശ്യമുള്ളതിനാൽ പരിശീലന ക്യാമ്പ് ഇപ്പോൾ തുടങ്ങുന്നത് ഏറെ പ്രയോജനകരമാകും. താരങ്ങൾക്ക് ഫുട്ബോൾ ഒരുപാട് നഷ്ടമായെന്ന് എനിക്കുറപ്പാണ്, ഒരു യുവ ടീമാണ് ഞങ്ങളുടേത് , മികച്ചവരാകാൻ താരങ്ങൾ പ്രയത്നിക്കുന്നുണ്ട്. റിസർവ് ടീമിലെ മികച്ച യുവ താരങ്ങൾക്ക് ആദ്യ ടീം കോച്ചിങ് സ്റ്റാഫിൻ്റെ അംഗീകാരം ലഭിക്കാനുള്ള അവസരവും പ്രീസീസൺ ക്യാമ്പിലൂടെ ലഭിക്കും. കൊച്ചിയിൽ എല്ലാവരേയും കാണാൻ എനിക്ക് കാത്തിരിക്കാനാവുന്നില്ല – അദ്ദേഹം കൂട്ടിചേർത്തു.

സീസൺ ആരംഭിക്കുന്നതിന് മുന്നോടിയായി ക്ലബ്ബിന് ഒരു നീണ്ട പ്രീസീസൺ ഉണ്ടായിരിക്കേണ്ടത് വളരെ പ്രധാനമാണെന്ന് ക്ലബ് മുഖ്യ പരിശീലകൻ ഇവാൻ വുകോമനോവിച്ച് പറഞ്ഞു. സീസണിലെ ആദ്യ മത്സരത്തിനായി ബൂട്ട് കെട്ടും മുമ്പ് താരങ്ങൾ അവരുടെ മികച്ച ഫോമിലായിരിക്കണമെന്നാണ് ഞാൻ ആഗ്രഹിക്കുന്നത്. സീസണിന് മുന്നോടിയായി താരങ്ങൾക്കും കോച്ചിങ് ടീമിനും യോജിപ്പ് കണ്ടെത്തുന്നതിനും ഇത് സഹായകമാകും. ഞങ്ങൾ‌ക്ക് സുദീർഘമായ പ്രീസീസൺ‌ സംവിധാനം ഉണ്ടെന്നതിൽ‌ സന്തോഷമുണ്ട്, അത് ഏറ്റവും മികച്ച രീതിയിൽ‌ ഉപയോഗിക്കാനാവുമെന്നാണ് എൻ്റെ പ്രതീക്ഷ. കൊച്ചിയിൽ വരുന്നതിലും,
എല്ലാ താരങ്ങളെയും കണ്ടുമുട്ടുന്നതിലും ഞാൻ ആവേശഭരിതനാണെന്നും ഇവാൻ വുകോമനോവിച്ച് കൂട്ടിച്ചേർത്തു.

വിദേശ താരങ്ങളുടെ റിക്രൂട്ട്മെന്റ പുരോഗമിക്കുന്നതിനാൽ, പുതിയ താരങ്ങളെ, അവർ കരാർ ഒപ്പിടുന്നതനുസരിച്ച് സ്‌ക്വാഡിനൊപ്പം ചേർക്കും.

കോവിഡ്-19 മഹാമാരിയുടെ പശ്ചാത്തലത്തിൽ, എല്ലാ താരങ്ങളും കോച്ചിങ് സ്റ്റാഫും കർശനമായ കോവിഡ് -19 പ്രോട്ടോക്കോളുകളും, ഒരു വീഴ്ചയുമില്ലാതെ എല്ലാ സുരക്ഷാ മുൻകരുതലുകളും പാലിക്കുമെന്ന് കെബിഎഫ്സി അറിയിച്ചു.

Preseason Squad;
Img 20210721 Wa0103