പ്രീസീസൺ കളികൾ നടക്കില്ല എന്ന് കേരള ബ്ലാസ്റ്റേഴ്സ്
കേരള ബ്ലാസ്റ്റേഴ്സ് എഫ് സിയുടെ പ്രീസീസൺ ടൂറിലെ മത്സരങ്ങൾ നടക്കില്ല. നേരത്തെ തന്നെ ഇത് റിപ്പോർട്ട് ചെയ്തിരുന്നു എങ്കിലും ഇപ്പോൾ ക്ലബ് തന്നെ ഔദ്യോഗികമായി പ്രീസീസണിലെ സൗഹൃദ മത്സരങ്ങൾ നടക്കില്ല എന്ന് പറഞ്ഞിരിക്കുകയാണ്.
യു എ ഇയിലെ മത്സരങ്ങൾ നടക്കില്ല എങ്കിലും യു എ ഇയിൽ പരിശീലനം നടത്തുന്നത് ബ്ലാസ്റ്റേഴ്സ് തുടരും. ഐ എസ് എല്ലിന് മുമ്പ് ടീം പൂർണ്ണ ഫിറ്റ്നസിൽ എത്തുമെന്ന് ക്ലബ് ഉറപ്പിക്കും എന്നും പ്രസ്താവനയിൽ പറയുന്നു.
ഫിഫ ഇന്ത്യൻ ഫുട്ബോൾ അസോസിയേഷനെ റദ്ദാക്കിയത് ആണ് പ്രീസീസൺ മത്സരങ്ങൾ റദ്ദാകാൻ കാരണം. ഓഗസ്റ്റ് 20ന് അൽ നാസറിന് എതിരെ കളിക്കാൻ തയ്യാറാവുക ആയിരുന്നു ബ്ലാസ്റ്റേഴ്സ്. ബ്ലാസ്റ്റേഴ്സ് ടീം ഇന്ന് യു എ ഇയിലേക്ക് തിരിച്ചിരുന്നു.
ഫിഫയുടെ വിലക്ക് ഉള്ളത് കൊണ്ട് ആണ് കേരള ബ്ലാസ്റ്റേഴ്സിന് വിദേശ ക്ലബുകളുമായി സൗഹൃദ മത്സരം കളിക്കാൻ ആകാത്തത്. ഫിഫ എല്ലാ ഫുട്ബോൾ അസോസിയേഷനും ഇന്ത്യയുമായി സഹകരിക്കരുത് എന്ന് സന്ദേശം അയച്ചിട്ടുണ്ട്. അതുകൊണ്ട് തന്നെ ഇന്ത്യയിലെ ഒരു ക്ലബുമായി സൗഹൃദ മത്സരം കളിക്കാൻ മറ്റു ക്ലബുകൾക്ക് ആകില്ല.
സൗഹൃദ മത്സരങ്ങൾക്കായുള്ള ടിക്കറ്റ് വിൽപ്പന വരെ ആരംഭിച്ചിരുന്ന ബ്ലാസ്റ്റേഴ്സിന് ഇത് വലിയ തിരിച്ചടിയാണ്. ഇനി വിലക്ക് മാറാതെ രക്ഷയില്ല എന്ന അവസ്ഥയിലാണ് ഇന്ത്യൻ ഫുട്ബോൾ.
അൽനാസർ കൂടാതെ ദിബ എഫ് സി, ഹത്ത സ്പോർട്സ് ക്ലബ് എന്നി ക്ലബുകളെയും ബ്ലാസ്റ്റേഴ്സ് നേരിടേണ്ടത് ഉണ്ടായിരുന്നു.
Story Highlight: Sad news for Kerala Blasters, preseason matches cancelled