ഐ എസ് എല്ലിൽ കേരള ബ്ലാസ്റ്റേഴ്സ് ഇന്ന് അവരുടെ രണ്ടാം മത്സരത്തിനായി ഇറങ്ങും. ഗോവയിൽ നടക്കുന്ന മത്സരത്തിൽ നോർത്ത് ഈസ്റ്റ് യുണൈറ്റഡ് ആണ് ഇന്ന് കേരള ബ്ലാസ്റ്റേഴ്സിന്റെ എതിരാളികൾ. ആദ്യ മത്സരത്തിൽ എ ടി കെ മോഹൻ ബഗാനോട് ഏറ്റ പരാജയത്തിൽ നിന്ന് കറ്റകയറുക ആകും കേരള ബ്ലാസ്റ്റേഴ്സിന്റെ ലക്ഷ്യം. ആദ്യ മത്സരത്തിൽ നന്നായി കളിച്ചു എങ്കിലും അവസരങ്ങൾ സൃഷ്ടിക്കുന്നതിൽ കേരള ബ്ലാസ്റ്റേഴ്സ് പരാജയപ്പെടുക ആയിരുന്നു.
നോർത്ത് ഈസ്റ്റ് ആകട്ടെ മുംബൈ സിറ്റിയെ തോൽപ്പിച്ച ആത്മവിശ്വാസത്തിൽ ആണ് ഇന്ന് കളിക്കാൻ ഇറങ്ങുന്നത്. മൂന്ന് മലയാളി താരങ്ങൾ നോർത്ത് ഈസ്റ്റ് നിരയിൽ ഉണ്ട്. ഇതിൽ ബ്രിട്ടോ ഇന്ന് ആദ്യ ഇലവനിൽ തന്നെ ഉണ്ടായേക്കും. കേരള ബ്ലാസ്റ്റേഴ്സിന്റെ ആദ്യ ഇലവനിലും മാറ്റങ്ങൾ ഉണ്ടാകും. നിശു കുമാർ ആദ്യ ഇലവനിൽ പ്രശാന്തിന് പകരമായി എത്തിയേക്കും. സിഡോഞ്ചയെ ബെഞ്ചിൽ ഇരുത്തി ഫകുണ്ടോയെ ആദ്യ ഇലവനിൽ എത്തിക്കാനും സാധ്യതയുണ്ട്.
പരിക്ക് മാറിയ രാഹുൽ കെ പിയും ഇന്ന് കളത്തിൽ ഇറങ്ങിയേക്കും. ഇന്ന് തന്റെ കേരള ബ്ലാസ്റ്റേഴ്സ് കരിയറിലെ ആദ്യ വിജയം നേടാം എന്ന് തന്നെയാണ് കിബു വികൂന കരുതുന്നത്.













