ആൻഫീൽഡ് തകർത്ത് അറ്റലാന്റ മടങ്ങി

20201126 094900
- Advertisement -

ചാമ്പ്യൻസ് ലീഗിൽ അറ്റലാന്റക്ക് ഗംഭീര വിജയം. ലിവർപൂളിന്റെ കോട്ടയായ ആൻഫീൽഡിൽ വന്നാണ് അറ്റലാന്റ വിജയവുമായി മടങ്ങിയത്. ഗ്രൂപ്പിൽ അറ്റലാന്റയുടെ ഹോം ഗ്രൗണ്ടിൽ വെച്ച് ഇരു ടീമുകളും ഏറ്റുമുട്ടിയപ്പോൾ ലിവർപൂൾ വൻ വിജയം സ്വന്തമാക്കിയിരുന്നു‌. അതിനു പക വീട്ടാൻ ഇന്നലെ ലിവർപൂളിനായി. എതിരില്ലാത്ത രണ്ടു ഗോളുകൾക്കായിരുന്നു അറ്റലാന്റയുടെ വിജയം. ക്ലോപ്പ് ആൻഫീൽഡിൽ എത്തിയ ശേഷം ആദ്യമായാണ് ലിവർപൂൾ ഒരു ഹോം മത്സരത്തിൽ ഒന്നിൽ കൂടുതൽ ഗോളിന്റെ മാജിനിൽ തോൽക്കുന്നത്‌.

മത്സരത്തിന്റെ രണ്ടാം പകുതിയിൽ ആയിരുന്നു അറ്റലാന്റയുടെ രണ്ടു ഗോളുകളും വന്നത്. 60ആം മിനുട്ടിൽ ഇലിചിലൂടെ ആയിരുന്നു അറ്റലാന്റയുടെ ആദ്യ ഗോൾ. ആ ഗോളിന്റെ ഷോക്കിൽ ലിവർപൂൾ നിൽക്കവെ 64ആം മിനുട്ടിൽ അറ്റലാന്റയുടെ രണ്ടാം ഗോളും വന്നു‌. ഗൊസെൻസിന്റെ വക ആയിരുന്നു ഗോൾ. സലാ, ഫർമിനോ, ജോട, മാനെ എന്നിവർ ഒക്കെ ഉണ്ടായിട്ടും ലിവർപൂൾ നിരയ്ക്ക് ഒരു ഷോട്ട് ടാർഗറ്റിലേക്ക് അടിക്കാൻ പോലും ഇന്നലെ ആയില്ല‌.

അറ്റലാന്റയുടെ വിജയം ഗ്രൂപ്പ് ഡി പ്രവചനാതീതമാക്കി‌. ഇപ്പോൾ 9 പോയിന്റുമായി ലിവർപൂൾ ഒന്നാമത് നിൽക്കുകയാണ്. 7 പോയിന്റുമായി അയാക്സ് രണ്ടാമതും 7 പോയിന്റുമായി തന്നെ അറ്റലാന്റ മൂന്നാമതും ഉണ്ട്.

Advertisement