ഇന്ത്യൻ സൂപ്പർ ലീഗിൽ ഇന്ന് നോർത്ത് ഈസ്റ്റിനെ നേരിട്ട കേരള ബ്ലാസ്റ്റേഴ്സിന് പരാജയം. മറുപടിയില്ലാത്ത രണ്ടു ഗോളിനായിരുന്നു കേരള ബ്ലാസ്റ്റേഴ്സിന്റെ പരാജയം. കളിയുടെ അവസാന 8 മിനുട്ടിൽ ആയിരുന്നു നോർത്ത് ഈസ്റ്റിന്റെ രണ്ട് ഗോളുകൾ. നോർത്ത് ഈസ്റ്റിന്റെ പ്ലേ ഓഫ് യോഗ്യത പ്രതീക്ഷ കാക്കുന്ന വിജയമായി ഇത്.
പ്രധാന താരങ്ങൾ പലരും ഇല്ലാതെ ഇറങ്ങിയ കേരള ബ്ലാസ്റ്റേഴ്സ് ഇന്ന് ഗോൾ കണ്ടെത്താൻ വിഷമിച്ചു. തുടക്കത്തിൽ നല്ല നീക്കങ്ങൾ കേരള ബ്ലാസ്റ്റേഴ്സിൽ നിന്നും ഉണ്ടായിരുന്നു. ഇടതവിങ്ങിൽ നിന്ന് പതിനൊന്നാം മിനിറ്റിൽ ഐമൻ നടത്തിയ ഒരു നീക്കം ഗോളിന് അടുത്തെത്തി. ഐമന്റെ റൺ മികച്ചതായിരുന്നു എങ്കിലും ഷോട്ട് ഗോൾകീപ്പർ തടുത്തു. ഇത് കഴിഞ്ഞ് പതിനാറാം മിനിറ്റിൽ ഗോൾകീപ്പറുടെ കാലിൽ നിന്ന് പന്ത് തട്ടിയെടുത്ത ഇഷാൻ പണ്ഡിതക്ക് ഗോൾ നേടാൻ മികച്ച അവസരം ലഭിച്ചു. പക്ഷെ ഇഷാന്റെ ഷോട്ട് ദുർബലമായത് കൊണ്ട് ആ അവസരം ഗോളായി മാറിയില്ല.
മറുവശത്ത് നോർത്ത് 23ആം മിനിറ്റിൽ ഒരു ഗോൾ നേടിയെങ്കിലും ഓഫ്സൈഡ് വിളിച്ചത് കേരളത്തിന് ആശ്വാസമായി. നോർത്ത് ഈസ്റ്റ് പലപ്പോഴും കേരള ഡിഫൻസിനെ പരീക്ഷിച്ചു എങ്കിലും കളി ഗോൾ രഹിതമായി നിന്നു.
രണ്ടാം പകുതിയിൽ അധികം അവസരങ്ങൾ ബ്ലാസ്റ്റേഴ്സിൽ നിന്ന് പിറന്നില്ല. കളിയുടെ 86ആം മിനുട്ടിൽ നെസ്റ്റർ ആണ് നോർത്ത് ഈസ്റ്റിനായി വിജയ ഗോൾ നേടിയത്. കേരള ബ്ലാസ്റ്റേഴ്സിന് ഇതിന് മറുപടി ഉണ്ടായിരുന്നില്ല. ഇഞ്ച്വറി ടൈമിൽ ജിതിൻ കൂടെ ഗോൾ നേടിയതോടെ നോർത്ത് ഈസ്റ്റിന്റെ വിജയം പൂർത്തിയായി.
20 മത്സരങ്ങളിൽ നിന്ന് 23 പോയിന്റുമായി നോർത്ത് ഈസ്റ്റ് ആറാമത് നിൽക്കുകയാണ്. അവർക്ക് ഇനിയും രണ്ട് മത്സരങ്ങൾ ബാക്കിയുണ്ട്. കേരള ബ്ലാസ്റ്റേഴ്സ് 30 പോയിന്റുമായി അഞ്ചാമത് നിൽക്കുന്നു. ബ്ലാസ്റ്റേഴ്സിന് ഇനി ഒരു മത്സരം ആണ് ലീഗിൽ ശേഷിക്കുന്നത്.