അറ്റാക്കിൽ കാര്യമായി ഒന്നും ചെയ്യാൻ കഴിയാത്തത് ആണ് അവസാന ലീഗ് മത്സരങ്ങളിൽ ഒക്കെ കേരള ബ്ലാസ്റ്റേഴ്സിനെ അലട്ടിയ പ്രധാന കാര്യം. ഗാരി ഹൂപ്പർ ഒറ്റയ്ക്ക് സ്ട്രൈക്കറായി കളിക്കുമ്പോൾ അദ്ദേഹത്തിന് പന്ത് കിട്ടാത്ത അവസ്ഥയാണ് ഉള്ളത്. കേരള ബ്ലാസ്റ്റേഴ്സിന്റെ മറ്റൊരു വിദേശ സ്ട്രൈക്കർ ആയ ജോർദൻ മുറേ കൂടെ കളത്തിൽ എത്തുമ്പോൾ മാത്രമെ കേരള ബ്ലാസ്റ്റേഴ്സ് ഇത്തിരി എങ്കിലും അറ്റാക്ക് ചെയ്യുന്ന ടീമായി മാറുന്നുള്ളൂ.
ഈ പ്രശ്നത്തിന് പരിഹാരം കാണാൻ രണ്ട് സ്ട്രൈക്കേഴ്സിനെ ഒരുമിച്ച് ഇറക്കുന്നത് ആലോചിക്കുന്നുണ്ട് എന്ന് കേരള ബ്ലാസ്റ്റേഴ്സ് പരിശീലകൻ കിബു വികൂന പറയുന്നു. രണ്ടോ മൂന്നാം സ്ട്രൈക്കേഴ്സിനെ ഇറക്കാൻ ഉള്ള താരങ്ങൾ കേരള ബ്ലാസ്റ്റേഴ്സിൽ ഉണ്ട്. എന്നാൽ അനുയോജ്യമായ സാഹചര്യമാണ് നോക്കുന്നത് എന്ന് വികൂന പറഞ്ഞു. ടീം ഇപ്പോഴും മികച്ച ഇലവൻ ഏതാണെന്ന് കണ്ടെത്തി കൊണ്ടിരിക്കുകയാണ്. മുറേയും ഹൂപ്പറും ഒരുമിച്ച് ആദ്യ ഇലവനിൽ എത്തുന്നത് ഉടൻ കാണാൻ ആകുമെന്നും വികൂന പറഞ്ഞു.