ലൂണ‌‌… ക്യാപ്റ്റൻ ലീഡർ ലെജൻഡ്!! കേരള ബ്ലാസ്റ്റേഴ്സ് എഫ് സിക്ക് വീണ്ടും വിജയം

Newsroom

Picsart 23 10 01 21 53 00 526
Download the Fanport app now!
Appstore Badge
Google Play Badge 1

ഐ എസ് എൽ പത്താം സീസണിലെ രണ്ടാം മത്സരത്തിലും കേരള ബ്ലാസ്റ്റേഴ്സ് എഫ് സിക്ക് വിജയം. ഇന്ന് കൊച്ചിയിൽ ജംഷദ്പൂർ എഫ് സിയെ നേരിട്ട കേരള ബ്ലാസ്റ്റേഴ്സ് മറുപടിയില്ലാത്ത ഒരു ഗോളിനാണ് വിജയിച്ചത്. ക്യാപ്റ്റൻ ലൂണ ആണ് ഇന്ന് ഗോളുമായി ബ്ലാസ്റ്റേഴ്സിന്റെ ഹീറോ ആയത്.

കേരള ബ്ലാസ്റ്റേഴ്സ് 23 10 01 20 39 05 303

കാര്യമായി അവസരങ്ങൾ സൃഷ്ടിക്കപ്പെടാത്ത വിരസമായ ആദ്യ പകുതിയാണ് കാണാൻ ആയത്. ഇരു ടീമുകളും ആദ്യ പകുതിയിൽ ഗോൾ കീപ്പർമാരെ പരീക്ഷിച്ചില്ല. കേരള ബ്ലാസ്റ്റേഴ്സ് ആണ് പന്ത് കൂടുതൽ സമയം കൈവശം വെച്ചത്. എന്നാൽ ഇരു ടീമുകൾക്കും ആകെ 2 ഷോട്ട് ഓൺ ടാർഗറ്റ് വീതമെ ആദ്യ പകുതിയിൽ ഉണ്ടായിരുന്നുള്ളൂ. ജംഷദ്പൂർ എഫ് സി താരം ഇമ്രാൻ ഖാൻ പരിക്ക് കാരണം ആദ്യ പകുതിയിൽ കളം വിടേണ്ടി വന്നു.

40ആം മിനുട്ടിൽ ലൂണയുടെ ഒരു നല്ല ക്രോസ് ഗോൾ പോസ്റ്റിനുരുമ്മിയാണ് പുറത്ത് പോയത്‌. ഇതായിരുന്നു ആദ്യ പകുതിയിൽ ഗോളിനോട് ഏറ്റവും അടുത്തു വന്ന നിമിഷം.

Picsart 23 10 01 21 49 09 315

രണ്ടാം പകുതിയിൽ ജംഷദ്പൂർ മെച്ചപ്പെട്ട രീതിയിൽ തുടങ്ങി. സബ്ബായി എത്തിയ മലയാളി താരം എമിൽ ബെന്നി കേരള ബ്ലാസ്റ്റേഴ്സ് ഡിഫൻസിന് തലവേദന സൃഷ്ടിച്ചു. 59ആം മിനുട്ടിൽ ചിമ ചുക്വുവിന് ഒരു സുവർണ്ണാവസരം ലഭിച്ചെങ്കിലും ഷോട്ട് എടുക്കാൻ ആയില്ല.

തുടർന്ന് കേരള ബ്ലാസ്റ്റേഴ്സ് ദിമിയെയും വിബിൻ മോഹനനെയും കളത്തിൽ എത്തിച്ചു. 70ആം മിനുട്ടിൽ ജീക്സന്റെ പാസ് സ്വീകരിച്ച് കുതിച്ച ഐമന്റെ ഷോട്ട് പക്ഷെ ടാർഗറ്റിലേക്ക് എത്തിയില്ല. അവസാനം ലൂണ തന്നെ കേരള ബ്ലാസ്റ്റേഴ്സിന്റെ രക്ഷയ്ക്ക് എത്തി.

74ആം മിനുട്ടിൽ ലൂണയും ദിമിയും ചേർന്ന് നടത്തിയ ഒരു ലോകോത്തര നീക്കം ബ്ലാസ്റ്റേഴ്സിന് ലീഡ് നൽകി. ഡെയ്സുകെയിൽ നിന്ന് പാശ് സ്വീകരിച്ച ലൂണ ഒരു ഫ്ലിക്കിലൂടെ ദിമിയെ കണ്ടെത്തി. ദിമി ഒരു പ്ലേറ്റിൽ എന്ന പോലെ പന്ത് ലൂണയ്ക്ക് മുന്നിൽ വെച്ചു. ലൂണ മികച്ച ഫിനിഷിലൂടെ രഹ്നേഷിനെ മറികടന്ന് ബ്ലാസ്റ്റേഴ്സിനെ മുന്നിൽ എത്തിച്ചു. സ്കോർ 1-0.

Picsart 23 09 30 16 40 27 676

ഇതിനു ശേഷം 80ആം മിനുട്ടിൽ സച്ചിൻ സുരേഷിന്റെ ഒരു മികച്ച സേവ് കേരള ബ്ലാസ്റ്റേഴ്സിനെ രക്ഷിക്കുന്നത് കാണാനായി. ഇതിനു ശേഷം ദിമിക്ക് ഒരു നല്ല അവസരം ലീഡ് ഇരട്ടിയാക്കാൻ ലഭിച്ചു. ആ അവസരം പക്ഷെ ലക്ഷ്യത്തിൽ എത്തിക്കാൻ ബ്ലാസ്റ്റേഴ്സ് സ്ട്രൈക്കർക്ക് ആയില്ല.

ഈ വിജയത്തോടെ കേരള ബ്ലാസ്റ്റേഴ്സ് 2 മത്സരങ്ങളിൽ നിന്ന് 6 പോയിന്റുമായി ലീഗിൽ മോഹൻ ബഗാനൊപ്പം ഒന്നാമത് നിൽക്കുകയാണ്. ഇനി ഒക്ടോബർ എട്ടിന് മുംബൈ സിറ്റിക്ക് എതിരെയാണ് കേരള ബ്ലാസ്റ്റേഴ്സിന്റെ മത്സരം.