ആദ്യ സെമി, കേരളത്തിന്റെ പ്രതീക്ഷയുമായി കേരള ബ്ലാസ്റ്റേഴ്സ് ജംഷദ്പൂരിന് എതിരെ

ഐ എസ് എല്ലിൽ ആദ്യ സെമി ഫൈനലിന്റെ ആദ്യ പാദത്തിൽ കേരള ബ്ലാസ്റ്റേഴ്സ് ജംഷദ്പൂരിനെ നേരിടും. ടൂർണമെന്റിലെ ഏറ്റവും സ്ഥിരതയുള്ള ടീമുകളിലൊന്നായ ജംഷഡ്പൂർ എഫ്‌സിക്ക് അവരുടെ ആദ്യ ഹീറോ ഇന്ത്യൻ സൂപ്പർ ലീഗ് സെമി ഫൈനൽ ആകും ഇത്. പിജെഎൻ സ്റ്റേഡിയത്തിൽ ആണ് മത്സരം നടക്കുന്നത്.

ഹെഡ് കോച്ച് ഓവൻ കോയിലിന്റെ കീഴിൽ തകർപ്പൻ ഫോമിൽ ആണ് ജംഷദ്പൂർ കളിക്കുന്നത്. തുടർച്ചയായി ഏഴ് മത്സരങ്ങൾ വിജയിച്ച് ആണ് അവർ സെമിക്ക് എത്തുന്നത്. അവസാന ലീഗ് ഘട്ട മത്സരത്തിൽ ATK മോഹൻ ബഗാനെ 1-0 ന് തോൽപ്പിച്ച ശേഷം അവർ ലീഗ് വിന്നേഴ്‌സ് ഷീൽഡ് സ്വന്തമാക്കുകയും ചെയ്തിരുന്നു.Img 20220305 134635

മറുവശത്ത് കേരള ബ്ലാസ്റ്റേഴ്‌സ് എഫ്‌സി ആറ് വർഷത്തിന് ശേഷമാണ് സെമി കളിക്കുന്നത്. ജംഷദ്പൂരിനെ ഈ സീസണിൽ രണ്ട് തവണ നേരിട്ടപ്പോഴും തോൽപ്പിക്കാൻ കേരള ബ്ലാസ്റ്റേഴ്സിനായിരുന്നില്ല. അവസാനം നേരിട്ടപ്പോൾ 3-0ന്റെ പരാജയം നേരിടുകയും ചെയ്തിരുന്നു. എന്നാൽ ഇത്തവണ പൂർണ്ണ സ്ക്വാഡുമായാകും കേരള ബ്ലാസ്റ്റേഴ്സ് ജംഷദ്പൂരിനെ നേരിടുക. അവസാനം ഇരു ടീമുകളും ഏറ്റുമുട്ടിയപ്പോൾ ഹോർമിപാമും ഡിയസും കേരള ബ്ലാസ്റ്റേഴ്സ് നിരയിൽ ഉണ്ടായിരുന്നില്ല.

ഖാബ്ര, ജീക്സൺ, നിശു കുമാർ എന്നിവർ ഒക്കെ തിരികെയെത്തുന്നതും കേരള ബ്ലാസ്റ്റേഴ്സിന് ഊർജ്ജം നൽകും. ഇന്ന് രാത്രി 7.30ന് നടക്കുന്ന മത്സരം സ്റ്റാർ നെറ്റ്വർക്കിൽ തത്സമയം കാണാം.