കേരള ബ്ലാസ്റ്റേഴ്സിനു വേണ്ടി ഗോളടിക്കാൻ ഗാരി ഹൂപർ എത്തും

- Advertisement -

ഒരു വിദേശ സൈനിംഗ് കൂടെ കേരള ബ്ലാസ്റ്റേഴ്സ് ഇന്ന് പൂർത്തിയാക്കും. ഇംഗ്ലീഷ് ഫോർവേഡായ ഗാരി ഹൂപ്പർ ആകും കേരള ബ്ലാസ്റ്റേഴ്സിൽ എത്തുക. 32കാരനായ താരം കേരള ബ്ലാസ്റ്റേഴ്സുമായി ഒരു വർഷത്തെ കരാർ ധാരണയിൽ എത്തിയതായാണ് റിപ്പോർട്ടുകൾ‌. ഇതു സംബന്ധിച്ച് ഔദ്യോഗിക പ്രഖ്യാപനം ഇന്ന് തന്നെ വരാൻ സാധ്യതയുണ്ട്. ന്യൂസിലൻഡ് ക്ലബായ വെല്ലിംഗ്ടൺ ഫീനിക്സിൽ നിന്നാണ് ഹൂപ്പർ കേരള ബ്ലാസ്റ്റേഴ്സിലേക്ക് എത്തുന്നത്.

പ്രീമിയർ ലീഗ് ക്ലബായ ടോട്ടനത്തിന്റെ അക്കാദമിയിലൂടെ വളർന്നു വന്ന താരമാണ് ഹൂപ്പർ. ഏഴ് വർഷത്തോളം സ്പർസിന്റെ അക്കാദമിയിൽ ഉണ്ടായിരുന്നു. അതിനു ശേഷം നിരവധി ഇംഗ്ലീഷ് ക്ലബുകൾക്കായി ബൂട്ടുകെട്ടി. നോർവിച് സിറ്റി, ഷെഫീൽഡ് വെഡ്നെസ്ഡേ എന്നീ ക്ലബുകളുടെ ഒക്കെ ഭാഗമായിരുന്നു ഹൂപ്പർ അവിടെ ഒക്കെ ഗോളടിച്ചു കൂട്ടാനും താരത്തിനായിരുന്നു‌. സ്കോട്ടിഷ് ചാമ്പ്യന്മാരായ സെൽറ്റിക്കിനൊപ്പം മൂന്ന് വർഷവും താരം കളിച്ചു. അവിടെ നാലു കിരീടങ്ങളും താരം നേടി. സെൽറ്റിക്കിലെ മൂന്ന് സീസണിലും ക്ലബിലെ ടോപ്പ് സ്കോറർ ആയിരുന്നു ഹൂപ്പർ. കഴിഞ്ഞ വർഷം മാത്രമാണ് വെല്ലിങ്ടണിൽ താരം എത്തിയത്.

Advertisement