കളി കാണാൻ ആണോ? ഇതാണ് ഗോവയിൽ ഇന്നലെ മുതൽ ഏറ്റവും കൂടുതൽ ചോദിക്കപ്പെട്ട ചോദ്യം എന്ന് വേണം കരുതാൻ. കേരളത്തെ വെല്ലുന്ന സൗത്ത് ഗോവൻ ഉഷ്ണത്തിലേക്ക് ഇറങ്ങി റൂം ചെക്കിൻ ചെയ്തപ്പോൾ തന്നെ റിസപ്ഷനിൽ നിന്ന് പറഞ്ഞു കളി കാണാൻ വേറെയും ആൾക്കാർ കേരളത്തിൽ ഉണ്ടെന്ന്. ടിക്കറ്റ് കലക്റ്റ് ചെയ്യാൻ ആയി ബുക് മൈ ഷോ കൗണ്ടറിലേക്കുള്ള നടത്തത്തിൽ പല ഭാഗത്ത് നിന്നായി ബ്ലാസ്റ്റേഴ്സ് ആരാധകർ ഒപ്പം ചേർന്നു.
ഗോവയിൽ ടാക്സിയും ബസ്സും ഓട്ടോയും ഒക്കെ കിട്ടാനുള്ള പാടും ഹോളി വീക്കെൻഡ് ആയത് കൊണ്ട് ബൈക്കുകൾ വാടകയ്ക്ക് കിട്ടാനുള്ള വിഷമവും ആരാധകർ പങ്കുവെച്ചു. വഴി അന്വേഷിക്കവെ പിറകിൽ ചോദ്യം ഉയർന്നു. “ഫതോർഡ് സ്റ്റേഡിയം കിദർ ഹെ?” ഉത്തരം ഒറ്റ വാക്കിലായിരുന്നു ‘വാ’. രണ്ടു പേർ തുടങ്ങിയ നടത്തം സ്റ്റേഡിയം എത്തുമ്പോഴേക്ക് 10 പേരിൽ എത്തി.
ഒരു ദിവസം കഴിഞ്ഞാണ് കളി എങ്കിലും ബുക്കിങ് കൗണ്ടറിൽ അത്യാവശ്യം ആൾക്കാർ ഉണ്ടായിരുന്നു. ബുക്കിങ് കൗണ്ടറിന് പുറത്ത് ടിക്കറ്റ് ഇല്ലാതെ തന്നെ കേരളത്തിൽ നിന്ന് പുറപ്പെട്ട നിരവധി ആൾക്കാർ. അവർക്ക് ടിക്കറ്റ് എങ്ങനെ എങ്കിലും കിട്ടുമെന്ന പ്രതീക്ഷ മാത്രം. സ്റ്റേഡിയം ചുറ്റിക്കണ്ട് കോൾവ ബീച്ചിലേക്ക് ബൈക് ടാക്സിയിൽ. ബൈക്ക് ഓടിച്ചിരുന്ന ചേട്ടൻ എഫ് സി ഗോവയുടെ ഫാൻ. ബ്ലാസ്റ്റേഴ്സ് കപ്പ് ഉയത്തട്ടെ എന്നും അവരുടെ കാത്തിരിപ്പിന് അവസാനം കിട്ടട്ടെ എന്നും ചേട്ടൻ പറഞ്ഞു.
ഗോവയിലെ ഒരു ചെറിയ ബസ്സിന് പിറകിൽ ‘We believe in Ortiz and Ferrando’ എന്ന സ്റ്റിക്കർ കണ്ടു. രണ്ടു പേരും ക്ലബിനെ കൈവിട്ടത് ഓർത്ത് ചിരി വന്നു. ബസ്സിലും കയറിയ ഹോട്ടലിലും എല്ലാം ബ്ലാസ്റ്റേഴ്സ് ആരാധകർ ചർച്ചകൾ നടത്തുന്നു. കളി കാണാൻ ആണോ? ഏതാ സ്റ്റാൻഡ്? ഇതേ ചോദ്യങ്ങൾ ആവർത്തിക്കപ്പെട്ടു. ഡോർമിൽ തിരികെയെത്തി. ഡോർമിൽ ആണ് ഇതുവരെയുള്ള ഏറ്റവും സന്തോഷം നൽകിയ കാര്യം സംഭവിച്ചത്. തമിഴ്നാട് നിന്ന് ഒരു കിഷോർ. കേരള ബ്ലാസ്റ്റേഴ്സിന്റെ ആരാധകനാണ്. ചെന്നൈയിൽ നിന്ന് ചെന്നൈയിനെ ഇഷ്ടപ്പെടാതെ ബ്ലാസ്റ്റേഴ്സിനെ ഇഷ്ടപ്പെടുന്ന ഒരാൾ.
ബ്ലാസ്റ്റേഴ്സിന്റെ തുടക്കം മുതൽ കിഷോർ ഈ ക്ലബിന്റെ ആരാധകൻ ആണ്. കൊച്ചിയിൽ അടക്കം കളി കാണാൻ കിഷോർ വന്നിട്ടുണ്ട്. ഫുട്ബോൾ ചർച്ച ചെയ്തപ്പോൾ കേരളത്തിലെ ഏതു ഫാനിനോടും പിടിച്ചു നിൽക്കാൻ മാത്രം സ്നേഹം ബ്ലാസ്റ്റേഴ്സിനോട് കിഷോറിനുണ്ട്. ഫൈനൽ ജയിക്കണം എന്ന ആഗ്രഹം റൂമിൽ നിറഞ്ഞു നിന്നു.
ഇതേ റൂമിൽ ഉണ്ടായിരുന്ന ഹൈദരബാദുകാരായ രണ്ട് പേർക്ക് ഐ എസ് എൽ എന്നൊരു ലീഗ് ഇന്ത്യയിൽ നടക്കുന്നുണ്ട് എന്ന് പോലും അറിയില്ലായിരുന്നു എന്നത് സങ്കടകരമായ ഓർമ്മപ്പെടുത്തൽ ആയിരുന്നു. ഇന്ത്യയിലെ ഫുട്ബോൾ നമ്മുടെയൊക്കെ മനസ്സുകളിൽ നിന്ന് ഇന്ത്യ എന്ന വലിയ സമൂഹത്തിലേക്ക് വലിയ രീതിയിൽ പരക്കേണ്ടതുണ്ട് എന്ന തിരിച്ചറിവ്. ഇനി വീണ്ടും സ്റ്റേഡിയത്തിലേക്ക്. ആ സ്വപന നിമിഷം പ്രതീക്ഷിച്ച് ഗോവൻ തെരുവുകളിലൂടെ ഫതോർഡ് സ്റ്റേഡിയത്തിലേക്ക്.