കേരള ബ്ലാസ്റ്റേഴ്സിന് ഇത് നിരാശയുടെ ദിനം. 94 മിനുട്ടു മുന്നിട്ട് നിന്നിട്ട് വിജയം കൈവിടേണ്ട ദുർഗതി ആയിരുന്നു ഇന്ന് കേരള ബ്ലാസ്റ്റേഴ്സിന്. നീണ്ട കാലത്തിന് ശേഷം കേരള ബ്ലാസ്റ്റേഴ്സ് തുടർച്ചയായി രണ്ട് മത്സരങ്ങൾ വിജയിച്ചിക്കും എന്ന് കരുതിയ അവസാന നിമിഷത്തിൽ സമനില വഴങ്ങുക ആയിരുന്നു കേരള ബ്ലാസ്റ്റേഴ്സ്. ഈസ്റ്റ് ബംഗാളിന് എതിരായ മത്സരം 1-1 എന്ന നിലയിലാണ് അവസാനിച്ചത്. അവസരങ്ങൾ മുതലെടുത്തിരുന്നു എങ്കിൽ കേരള ബ്ലാസ്റ്റേഴ്സിന് നിരാശയിൽ ഇരിക്കേണ്ടി വരുമായിരുന്നില്ല.
ഹൂപ്പറിനെയും മറെയെയും ആദ്യ ഇലവനിൽ ഇറക്കി അറ്റാക്ക് ചെയ്യാൻ തന്നെയാണ് തുടക്കം മുതൽ കേരള ബ്ലാസ്റ്റേഴ്സ് ശ്രമിച്ചത്. തുടക്കത്തിൽ ഫകുണ്ടോ നൽകിയ ഒരു ലോംഗ് പാസിൽ നിന്ന് മികച്ച അവസരം മറെയ്ക്ക് ലഭിച്ചു എങ്കിലും മറെയുടെ ഹാഫ് വോളി ഈസ്റ്റ് ബംഗാൾ കീപ്പർ ദെബിജിതിനു നേരെ ആയിരുന്നു. വിസെന്റെയ്ക്ക് ഒരു ഹെഡറിലൂടെയും നല്ല അവസരം ലഭിച്ചിരുന്നു എങ്കിലും ആ ഹെഡർ ടാർറ്റിലേക്ക് പോയില്ല. ഇതല്ലാതെയും ഈസ്റ്റ് ബംഗാൾ പെനാൾട്ടി ബോക്സിലേക്ക് നിരന്തരം മുന്നേറാൻ കേരളത്തിനായിരുന്നു. ഈസ്റ്റ് ബംഗാളിന് ആദ്യ പകുതിയിൽ ഒരു നല്ല അവസരമാണ് കിട്ടിയത്. ആ അവസരത്തിന് ഒപ്പം നിക്കുന്ന സേവുമായി ആൽബിനോ ഗോമസ് കേരള ബ്ലാസ്റ്റേഴ്സിന്റെ രക്ഷകനായി.
രണ്ടാം പകുതിയിലും കേരള ബ്ലാസ്റ്റേഴ്സ് അറ്റാക്ക് തുടർന്നു. ഒരു ത്രോയിൽ നിന്ന് കേരള ബ്ലാസ്റ്റേഴ്സ് നടത്തിയ വൺ ടച്ച് ഫുട്ബോൾ ഫുട്ബോൾ ആരാധകരെ മുഴുകൻ സന്തോഷിപ്പിച്ച് കാണും. എന്നാൽ അതിന് അവസാനം എടുത്ത ഹൂപ്പറിന്റെ ഷോട്ട് ലക്ഷ്യത്തിനടുത്തു കൂടെ പുറത്തേക്ക് പോയി. 64ആം മിനുട്ടിലാണ് കേരള ബ്ലാസ്റ്റേഴ്സിന്റെ ഗോൾ വന്നത്.
ഗോൾ കീപ്പർ ആൽബിനോ ഗോമസിന്റെ ഒരു ലോംഗ് പാസ് മറെയെ കണ്ടെത്തി. മറെയുടെ സ്ട്രൈക്ക് മിസ് ഹിറ്റ് ആയി എങ്കിലും പന്ത് വലയിൽ എത്തി. മറെയുടെ സീസണിലെ ആറാം ഗോളായിരുന്നു ഇത്. ഗോൾ നേടി മുന്നിൽ എത്തി എങ്കിലും പരിക്കേറ്റ് ഫകുണ്ടോയും ജസ്സലും കളം വിട്ടത് കേരള ബ്ലാസ്റ്റേഴ്സിന് തിരിച്ചടിയായി. പുതിയ സൈനിംഗ് ജുവാൻഡെ സബ്ബ് ആയി എത്തി അരങ്ങേറ്റം നടത്തി. അവസാന നിമിഷങ്ങളിൽ നന്നായി ഡിഫൻഡ് ചെയ്തു എങ്കിലും 95ആം മിനുട്ടിലെ കോർണർ ഡിഫൻഡ് ചെയ്യുന്നതിൽ പിഴച്ചു. ഈസ്റ്റ് ബംഗാൾ പോലും അറിയാതെ കേരള ബ്ലാസ്റ്റേഴ്സ് വലയിൽ പന്ത് കയറി. സ്കോർ 1-1. കേരള ബ്ലാസ്റ്റേഴ്സ് താരങ്ങളുടെ മുഖത്ത് വലിയ സങ്കടവും.
ഈ സമനിലയോടെ കേരള ബ്ലാസ്റ്റേഴ്സ് ലീഗിൽ പത്താം സ്ഥാനത്ത് തന്നെ തുടരുകയാണ്. 10 പോയന്റാണ് കേരള ബ്ലാസ്റ്റേഴ്സിന് ഉള്ളത്.