“നാളെ ആര് കേരള ബ്ലാസ്റ്റേഴ്സ് ക്യാപ്റ്റൻ ആകും എന്നത് സർപ്രൈസ് ആയിരിക്കും”

കേരള ബ്ലാസ്റ്റേഴ്സിന്റെ ക്യാപ്റ്റൻ ആം ബാൻഡ് നാളെ ആര് അണിയും എന്നത് സർപ്രൈസ് ആയിരിക്കും എന്ന് പരിശീലകൻ ഇവാൻ വുകമാനോവിച് പറഞ്ഞു. ഇതുവരെയുള്ള കേരള ബ്ലാസ്റ്റേഴ്സിന്റെ മത്സരങ്ങളിൽ എല്ലാം ജെസ്സൽ ആയിരുന്നു കേരള ബ്ലാസ്റ്റേഴ്സിന്റെ ക്യാപ്റ്റൻ ആം ബാൻഡ് അണിഞ്ഞിരുന്നത്. എന്നാൽ പരിക്ക് കാരണം ജെസ്സൽ നാളെ ഒഡീഷക്ക് എതിരെ കളിക്കില്ല. ജെസ്സൽ ഇല്ലാ എന്നതിനാൽ ആര് കേരള ബ്ലാസ്റ്റേഴ്സിന്റെ ക്യാപ്റ്റൻ ആം ബാൻഡ് അണിയും എന്നായുരുന്നു മാധ്യമങ്ങളുടെ ചോദ്യം.

അത് ഒരു സർപ്രൈസ് ആക്കാൻ ആണ് തന്റെ തീരുമാനമെന്ന് പരിശീലകൻ പറഞ്ഞു. ക്യാപ്റ്റൻ ആകുന്ന താരം ഒരുപാട് സന്തോഷിക്കും ഈ തീരുമാനത്തിൽ എന്നും ഇവാൻ പറഞ്ഞു. ഏതെങ്കിലും ഇന്ത്യൻ താരത്തിനെ പരിഗണിക്കുമോ അതോ പരിചയസമ്പന്നരായ വിദേശ താരങ്ങളെ പരിഗണിക്കുമോ എന്ന് കണ്ടറിയണം. പരിചയസമ്പത്ത് നോക്കിയാൽ ആദ്യ ഇലവനിൽ ഉള്ള താരങ്ങളിൽ കേരള ബ്ലാസ്റ്റേഴ്സിനായി ഏറ്റവും കൂടുതൽ മത്സരം കളിച്ചിട്ടുള്ളത് സഹൽ ആണ്. സഹലിനെ ക്യാപ്റ്റൻസിക്ക് പരിഗണിക്കുമോ എന്നതും ഏവരും ഉറ്റുനോക്കുന്നു.