ഇന്ത്യൻ സൂപ്പർ ലീഗിൽ മോഹൻ ബഗാനെയും തോൽപ്പിച്ച് കേരള ബ്ലാസ്റ്റേഴ്സ്. ഇന്ന് കൊൽക്കത്തയിൽ നടന്ന മത്സരത്തിൽ ദിമിത്രസ് ദിയമെന്റകോസ് നേടിയ ഗോളിന്റെ ബലത്തിലാണ് ബ്ലാസ്റ്റേഴ്സ് വിജയിച്ചത്. ഈ വിജയം കേരള ബ്ലാസ്റ്റേഴ്സിനെ ലീഗിൽ ഒന്നാമത് എത്തിക്കുകയും ചെയ്തു. ഇന്ന് എവേ ഗ്രൗണ്ട് ആയിട്ടും കളിയിൽ സമ്പൂർണ്ണ ആധിപത്യം പുലർത്താൻ ബ്ലാസ്റ്റേഴ്സിനായി. മോഹൻ ബഗാന് ഒരു ഷോട്ട് പോലും തൊടുക്കാൻ ഇന്ന് ആദ്യ പകുതിയിൽ ആയില്ല.
കേരള ബ്ലാസ്റ്റേഴ്സ് ആകട്ടെ ആദ്യ പകുതിയിൽ 9 ഷോട്ടുകൾ തൊടുത്തു. മത്സരത്തിന്റെ ഒമ്പതാം മിനുട്ടിൽ ആയിരുന്നു ദിമിയുടെ ഗോൾ വന്നത്. 3 ബഗാൻ ഡിഫൻഡേഴ്സിനെ മറികടന്ന് മനോഹരമായ ഒരു ഇടം കാലൻ സ്ട്രൈക്കിലൂടെ ആയിരുന്നു ദിമി ഗോൾ കണ്ടെത്തിയത്. താരത്തിന്റെ ഈ സീസണിലെ ഏഴാം ഗോളായിരുന്നു ഇത്.
ഇതിനു ശേഷവും ബ്ലാസ്റ്റേഴ്സ് നിരവധി അവസരങ്ങൾ സൃഷ്ടിച്ചു. പെപ്രയുടെ ഒരു ഷോട്ട് വിശാൽ കെയ്ത് സേവ് ചെയ്തു. രാഹുലിന്റെ ഷോട്ട് ആകട്ടെ ചെറിയ വ്യത്യാസത്തിൽ ആണ് പുറത്ത് പോയത്. രണ്ടാം പകുതിയിൽ ബഗാാൻ കളിയിലേക്ക് തിരികെ വരാൻ ശ്രമിച്ചു എങ്കിലും ഒരിക്കലും ബഗാനെ താളം കണ്ടെത്താൻ ബ്ലാസ്റ്റേഴ്സ് അനുവദിച്ചില്ല. മുഹമ്മദ് അസ്ഹർ ബ്ലാസ്റ്റേഴ്സിനായി മധ്യനിരയിൽ മികച്ച പ്രകടനം കാഴ്ചവെച്ചു.
ഈ വിജയത്തോടെ കേരള ബ്ലാസ്റ്റേഴ്സ് ലീഗിൽ 26 പോയിന്റുമായി ഒന്നാമത് എത്തി. രണ്ടാമതുള്ള ഗോവയേക്കാൾ മൂന്ന് പോയിന്റിന്റെ ലീഡ് ബ്ലാസ്റ്റേഴ്സിന് ഉണ്ട്. 19 പോയിന്റുള്ള മോഹൻ ബഗാൻ അഞ്ചാം സ്ഥാനത്താണ് ഉള്ളത്.