കേരള ബ്ലാസ്റ്റേഴ്സ് കഴിഞ്ഞ സീസൺ ഏറ്റവും കൂടുതൽ ബുദ്ധിമുട്ടിയിരുന്ന മേഖല ആയിരുന്നു ഗോൾ കീപ്പിംഗ് ഏരിയ. ഇത്തവണ ആദ്യ മൂന്ന് മത്സരങ്ങളിലെ ആൽബിനോ ഗോമസിന്റെ പ്രകടനം കണ്ടപ്പോൾ ഗോൾ കീപ്പിംഗ് മേഖലയിൽ കേരള ബ്ലാസ്റ്റേഴ്സിന് വലിയ പ്രശ്നം ഉണ്ടാകില്ല എന്നാണ് കരുതിയത്. എന്നാൽ ഇന്ന് ഗോവയ്ക്ക് എതിരെ കണ്ടത് ദയനീയ കാഴ്ച ആയിരുന്നു.
പ്രൊഫഷണൽ ഫുട്ബോളിൽ ഒരു ഗോൾ കീപ്പറും ചെയ്യാൻ പാടില്ലാത്ത വലിയ അബദ്ധം. ഗോവയുടെ മൂന്നാംഗോൾ ആൽബിനോയുടെ സമ്മാനം ആയിരുന്നു. ഉയർന്ന് വന്ന പന്ത് പിടിച്ച ആൽബിനോ ഗോമസ് പന്ത് കിക്ക് ചെയ്യാൻ വേണ്ടി നിലത്ത് ഇട്ടതായിരുന്നു. പക്ഷെ തന്റെ വലതു വശത്ത് ഗോവൻ സ്ട്രൈക്കർ ഇഗോ അംഗുളോ ഉണ്ടായിരുന്ന കാര്യം ആൽബിനോ മറന്നു പോയി. തന്റെ കാലിൽ വെറുതെ തന്ന പന്ത് ഗോളിയില്ലാ പോസ്റ്റിലേക്ക് തട്ടി ഇടുകയെ അംഗുളോയ്ക്ക് വേണ്ടിയിരുന്നുള്ളൂ.
പണ്ട് വേറൊരു ഗോമസ് ഇതുപോലെ ഗോൾ വഴങ്ങിയിട്ടുണ്ട്. ടോട്ടനം ഗോൾ കീപ്പർ ഗോമസ് ആയിരുന്നു മാഞ്ചസ്റ്റർ യുണൈറ്റഡിനെതിരെ കിക്ക് എടുക്കാൻ വേണ്ടി പന്ത് ഇട്ട് ഗോൾ വഴങ്ങിയത്. എന്നാൽ അന്ന് നാനി ഗോമസിനെ മറികടന്ന് ഗോൾ അടിച്ചത് റഫറിയുടെ കൂടെ പിഴവായിരുന്നു എന്ന് ആശ്വസിക്കാം. എന്നാൽ ഇന്നത്തേത് തീർത്തും ആൽബിനോ ഗോമസിന്റെ മാത്രം പിഴവായിരുന്നു