ദയനീയം കേരള ബ്ലാസ്റ്റേഴ്സ്, ജയമില്ലാതിരുന്ന ഗോവയുടെ കയ്യിൽ നിന്നും പരാജയം ഏറ്റുവാങ്ങി

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

ഐ എസ് എല്ലിൽ ഈ സീസണിലും കേരള ബ്ലാസ്റ്റേഴ്സ് പതറുകയാണ്. വലിയ പ്രതീക്ഷകളോടെ സീസൺ തുടങ്ങിയ കേരള ബ്ലാസ്റ്റേഴ്സ് സീസണിലെ നാലാം മത്സരവും വിജയമില്ലാതെ അവസാനിപ്പിച്ചിരിക്കുകയാണ്. ഇന്ന് എഫ് സി ഗോവയെ നേരിട്ട കേരള ബ്ലാസ്റ്റേഴ്സ് ഒന്നിനെതിരെ മൂന്നു ഗോളുകളുടെ പരാജയമാണ് ഏറ്റുവാങ്ങിയത്. ഗോവ ഈ സീസണിൽ ആദ്യമായാണ് ഒരു മത്സരം വിജയിക്കുന്നത്.

ഇന്ന് തുടക്കം മുതൽ ഗോവ അറ്റാക്ക് ചെയ്താണ് കളിച്ചത്. മികച്ച അവസരങ്ങൾ സൃഷ്ടിച്ചതും ഗോവ ആയിരുന്നു. ആദ്യ പകുതിയിൽ മാത്രം രണ്ട് തവണ ആണ് ഗോൾ എന്നുറച്ച ഗോവൻ ഷോട്ടുകൾ ഗോൾ പോസ്റ്റിൽ തട്ടി മടങ്ങിയത്. 30ആം മിനുട്ടിൽ ഇഗൊർ അംഗുളോ ആയിരുന്നു ഒരു ചിപിലൂടെ കളിയിലെ ആദ്യ ഗോൾ കണ്ടെത്തിയത്. അംഗുളോയുടെ ഷോട്ടും പോസ്റ്റിൽ തട്ടി എങ്കിലും അത് വലയിലേക്ക് തന്നെ പോവുകയായിരുന്നു.

ഗോൾ വീണതിനു ശേഷവും ഗോവ തന്നെയാണ് മികച്ച പ്രകടനം കാഴ്ചവെച്ചത്. രണ്ടാം പകുതിയിലും ഗോവ അറ്റാക്ക് തുടർന്നു. ഓർടിസിലൂടെ രണ്ടാം പകുതിയുടെ തുടക്കത്തിൽ തന്നെ ഗോവ രണ്ടാം ഗോൾ കണ്ടെത്തി. ബ്രാണ്ടന്റെ പാസിൽ നിന്ന് ഓർടിസ് ആയിരുന്നു ഗോവയുടെ രണ്ടാം ഗോൾ നേടിയത്.

മറുവശത്ത് അവസരങ്ങൾ സൃഷ്ടിക്കാൻ കഴിയാതെ കഷ്ടപ്പെടുന്ന കേരള ബ്ലാസ്റ്റേഴ്സിനെയാണ് ഇന്ന് കാണാൻ കഴിഞ്ഞത്. വിസെന്റയുടെ ഒരു ഷോട്ട് ബാറിൽ തട്ടി മടങ്ങിയത് മാത്രമാണ് കേരള ബ്ലാസ്റ്റേഴ്സിന്റെ നല്ല ഒരു ഗോൾ ശ്രമം വന്നത്. അവസാനം 91ആം മിനുറ്റിൽ വിസെന്റെ തന്നെ കേരളത്തിന് ആശ്വാസം നൽകിയ ഗോൾ നേടി. നിശു കുമാറിന്റെ ക്രോസിൽ നിന്ന് ഒരു ഹെഡറിലൂടെ ആയിരുന്നു വിസെന്റെയുടെ ഗോൾ.

ഒരു സമനില ഗോളിനുള്ള സമയം കേരള ബ്ലാസ്റ്റേഴ്സിന് ഉണ്ടായിരുന്നില്ല. 93ആം മിനുട്ടിൽ കേരള ബ്ലാസ്റ്റേഴ്സ് ക്യാപ്റ്റൻ കോസ്റ്റ ചുവപ്പ് കൂടെ കണ്ടതോടെ കേരള ബ്ലാസ്റ്റേഴ്സ് പോരാട്ടം അവസാനിച്ചു. പിന്നാലെ കേരള ബ്ലാസ്റ്റേഴ്സ് ഗോൾ കീപ്പർ അൽബിനോയുടെ പിഴവിൽ നിന്ന് അംഗുളോ ഗോവയുടെ മൂന്നാം ഗോളും നേടി.

ഈ പരാജയത്തോടെ നാലു മത്സരങ്ങളിൽ നിന്ന് വെറും 2 പോയിന്റുമായി 9ആം സ്ഥാനത്താണ് കേരള ബ്ലാസ്റ്റേഴ്സ് ഉള്ളത്. 5 പോയിന്റുമായി ഗോവ നാലാം സ്ഥാനത്തേക്ക് ഉയർന്നു.