കേരള ബ്ലാസ്റ്റേഴ്‌സ് ഇന്നലെ ഹൈദരാബാദ് എഫ്‌സിക്കെതിരെ തോൽവി ഏറ്റുവാങ്ങിയിരുന്നു. മത്സരത്തിൽ ഫൈനൽ പാസ് നടത്താൻ ടീമിന് ആകാതിരുന്നത് ആണ് പ്രശ്നമായത് എന്ന് ബ്ലാസ്റ്റേഴ്സ് പരിശീലകൻ മത്സര ശേഷം പറഞ്ഞു.
“ഞങ്ങൾക്ക് മത്സരത്തിൽ ആധിപത്യം നേടാൻ ആഗ്രഹമുണ്ടായിരുന്നു, ഞങ്ങൾ ഫുട്ബോൾ കളിക്കാൻ ശ്രമിച്ചു, അവസരങ്ങൾ സൃഷ്ടിക്കാൻ ഞങ്ങൾ ശ്രമിച്ചു, പക്ഷെ ഹൈദരാബാദ് എഫ് സിയുടെ ഡിഫൻസ് ശക്തമായിരുന്നു. ഈ സീസണിൽ ഏറ്റവും കുറവ് ഗോളുകൾ വഴങ്ങിയ ടീമാണ് അവർ” ഇവാൻ പറഞ്ഞു.
ഫൈനൽ തേർഡ് വരെ കേരള ബ്ലാസ്റ്റേഴ്‌സ് നന്നായി കളിച്ചുവെന്നും എന്നാൽ ഒരു മാന്ത്രിക നിമിഷം സൃഷ്ടിക്കാനും ഫൈനൽ പാസ് കണ്ടെത്താനും ഞങ്ങൾ പാടുപെട്ടെന്നു വുകോമാനോവിച്ച് പറഞ്ഞു. തോറ്റെങ്കിലും, ഹൈദരാബാദ് എഫ്‌സിയുടെ നിലവാരവും ലീഗ് ടേബിളിൽ അവരുടെ മികച്ച സ്ഥാനവും വുകോമാനോവിച്ച് അംഗീകരിച്ചു. “ഹൈദരാബാദ് എഫ്‌സി ഒരു നല്ല ടീമാണ്, അവർ ടേബിളിൽ രണ്ടാം സ്ഥാനത്തെത്താൻ ഒരു കാരണമുണ്ട്. അവർ അത്ര മികച്ച ടീമാണ്. ഇന്ന് രാത്രി ഞങ്ങൾ ഞങ്ങളുടെ കളി തോറ്റു, ഇനി ഞങ്ങൾ വെള്ളിയാഴ്ചത്തെ മത്സരത്തിന് തയ്യാറെടുക്കണം,” അദ്ദേഹം കൂട്ടിച്ചേർത്തു.
കേരളാ ബ്ലാസ്റ്റേഴ്‌സ് ഇനി വെള്ളിയാഴ്ച പ്ലേ ഓഫിൽ ബെംഗളൂരു എഫ് സിയെ നേരിടും. ഈ മത്സരം ജയിച്ചാൽ സെമി ഫൈനലിലേക്ക് എത്താം.