ഇന്ന് ജീവന്മരണ പോരാട്ടം, സെമി ഫൈനൽ ഉറപ്പിക്കാൻ കേരള ബ്ലാസ്റ്റേഴ്സ് ഇറങ്ങുന്നു

Newsroom

കേരള ബ്ലാസ്റ്റേഴ്സ് എഫ് സി ഇമ്ന് സെമി ഫൈനൽ പ്രതീക്ഷകളുമായി ഇറങ്ങുകയാണ്. ഹീറോ ഇന്ത്യൻ സൂപ്പർ ലീഗ് നോക്കൗട്ട് ഘട്ടത്തിലെ ആദ്യ മത്സരത്തിൽ ബെംഗളൂരു എഫ്‌സിയും കേരള ബ്ലാസ്റ്റേഴ്‌സ് എഫ്‌സിയും നേർക്കുനേർവരും. തുടർച്ചയായ എട്ട് വിജയങ്ങളുമായി പ്ലേ ഓഫിലേക്ക് എത്തിയ ബെംഗളൂരു എഫ് സിയെ അവരുടെ ഗ്രൗണ്ടിൽ വെച്ചാണ് ബ്ലാസ്റ്റേഴ്സ് നേരിടുന്നത്. അവസാനം ബ്ലാസ്റ്റേഴ്സ് ബെംഗളൂരുവിൽ വന്നപ്പോൾ അവർ ഒരു ഗോളിന്റെ പരാജയം നേരിടേണ്ടി വന്നിരുന്നു.

Picsart 23 03 02 16 32 09 796

കഴിഞ്ഞ എട്ട് മത്സരങ്ങളിൽ നിന്ന് ആറ് ഗോളുകൾ നേടിയ ശിവശക്തി നാരായണൻ ബെംഗളൂരു എഫ്‌സിക്ക് വേണ്ടി മികച്ച ഫോമിലാണ്. മത്സരത്തിൽ ബ്ലാസ്റ്റേഴ്സ് പേടിക്കേണ്ട ഒരു പ്രധാന താരമായിരിക്കും അദ്ദേഹം. കേരള ബ്ലാസ്റ്റേഴ്‌സ് എഫ്‌സിയാകട്ടെ, കഴിഞ്ഞ മൂന്ന് മത്സരങ്ങളിലും തോറ്റ് അത്ര നല്ല ഫോമിൽ അല്ല നിൽക്കുന്നത്. അവരുടെ അവസാന അഞ്ച് ലീഗ് മത്സരങ്ങളിൽ, ബ്ലാസ്റ്റേഴ്സിന് ഒരു വിജയം മാത്രമേ നേടാനായിട്ടുള്ളൂ. പ്ലേ ഓഫിൽ ബ്ലാസ്റ്റേഴ്സ് വിജയ വഴിയിലേക്ക് തിരികെ വരും എന്നാണ് മലയാളി ഫുട്ബോൾ പ്രേമികളുടെ പ്രതീക്ഷ.

ബംഗളൂരു എഫ്‌സിയെ അവരുടെ ഹോം ഗ്രൗണ്ടിൽ തോൽപ്പിക്കണം എങ്കിൽ ശക്തമായ പ്രകടനം തന്നെ പുറത്തെടുക്കേണ്ടി വരും. ഈ മത്സരത്തിലെ വിജയി മുംബൈ സിറ്റി എഫ്‌സിക്കെതിരായ സെമിഫൈനലിൽ സ്ഥാനം ഉറപ്പിക്കും.

ശ്രീ കണ്ഠീരവ സ്റ്റേഡിയത്തിൽ വൈകിട്ട് 7:30-ന് ആരംഭിക്കുന്ന മത്സരം ഹോട്ട്‌സ്റ്റാറിലും സ്റ്റാർ സ്‌പോർട്‌സിലും ആരാധകർക്ക് തത്സമയം കാണാം.