ഐഎസ്എല്ലിലെ ഇന്ന് നടന്ന ആവേശകരമായ മത്സരത്തിൽ പോയിന്റ് പങ്കു വെച്ച് ജംഷാദപൂരും എഫ്സി ഗോവയും. ടാറ്റ സ്‌പോർട് കോംപ്ലെക്സിൽ രണ്ടു വീതം ഗോളുകൾ അടിച്ചാണ് ടീമുകൾ പോയിന്റ് പങ്കു വെച്ചത്. ഗോവക്ക് വേണ്ടി ഇരട്ട ഗോളുകൾ നേടിയ ഗ്വറോച്ചെന്ന ജംഷാദ്പൂരിന് വേണ്ടി സെൽഫ് ഗോളും വഴങ്ങിയപ്പോൾ ആതിഥേയർക്ക് വേണ്ടി ഇഷാൻ പണ്ഡിതയാണ് മറ്റൊരു ഗോൾ കണ്ടെത്തിയത്. ഇതോടെ പത്തൊൻപത് പോയിന്റുമായി എഫ്സി ഗോവ നാലാം സ്ഥാനത്തേക്ക് കയറി. ഒരു മത്സരം കുറച്ചു കളിച്ച കേരള ബ്ലാസ്റ്റേഴ്‌സ് ഇതേ പോയിന്റ് നിലയിൽ ഒപ്പമുണ്ട്. സീസണിലെ രണ്ടാം സമനില നേടിയ ജംഷദ്പൂർ അഞ്ചു പോയിന്റുമായി പത്താമതാണ്.
ജംഷാദ്പൂരിന്റെ നീക്കങ്ങൾക്കായിരുന്നു ആദ്യ നിമിഷങ്ങളിൽ മൂർച്ച കൂടുതൽ. റഫെൽ ക്രിവെല്ലറോയുടെ പാസിൽ നിന്നും ഡാനിയൽ ചുക്വു തൊടുത്ത ഷോട്ട് ഗോവൻ കീപ്പർ ധീരജ് തടുത്തിട്ടു. മുപ്പത്തിയൊന്നാം മിനിറ്റിൽ ജംഷദ്പൂർ അർഹിച്ച ലീഡ് നേടി. കോർണറിൽ നിന്നെത്തിയ ബോൾ ഹെഡ് ചെയ്ത് ഒഴിവാക്കാനുള്ള ഗ്വറോച്ചെന്നയുടെ ശ്രമം പാളിയപ്പോൾ സെൽഫ് ഗോൾ ആയി പരിണമിക്കുകയായിരുന്നു. എന്നാൽ ഏഴു മിനിറ്റിനു ശേഷം ഗ്വറോച്ചെന്ന തന്നെ സമനില ഗോൾ കണ്ടെത്തി. വിങ്ങിൽ നിന്നും ചോത്തെ നൽകിയ മനോഹരമായ ഒരു ക്രോസ് താരം അനായാസം ഹെഡറിലൂടെ വലയിൽ എത്തിച്ചു.
രണ്ടാം പകുതിയുടെ തുടക്കത്തിൽ ജംഷദ്പൂർ ലീഡ് തിരിച്ചു പിടിച്ചു. ഇഷാൻ പണ്ഡിതയാണ് ഇത്തവണ വല കുലുക്കിയത്. ആതിഥേയർ വിജയം മണത്ത മത്സരത്തിൽ അവരുടെ നെഞ്ചകം തകർത്ത് കൊണ്ട് എൺപതിയൊന്പതാം മിനിറ്റിൽ ഗോവയുടെ സമനില ഗോൾ എത്തി. ഗ്വറോച്ചെന്ന തന്നെയാണ് ഇത്തവണയും ഗോവയുടെ രക്ഷകൻ ആയത്. കൃത്യമായ മുൻതൂക്കം ഉണ്ടായിട്ടും മത്സരത്തിന്റെ അവസാന മിനിറ്റുകളിൽ അത് നഷ്ടപ്പെടുത്തിയത് ജംഷദ്പൂരിനെ നിരാശയിൽ ആഴ്ത്തും.