ഗോവൻ ക്യാപ്റ്റൻ ഇനി കേരള ബ്ലാസ്റ്റേഴ്സിൽ

കേരള ബ്ലാസ്റ്റേഴ്സ് മറ്റൊരു സൈനിംഗ് കൂടെ പൂർത്തിയാക്കിയിരിക്കുകയാണ്. ഈ കഴിഞ്ഞ സന്തോഷ് ട്രോഫിയിൽ ഗോവയെ നയിച്ച ജെസ്സെൽ അലൻ കാർനീരോയെ ആണ് കേരള ബ്ലാസ്റ്റേഴ്സുമായി കരാർ ഒപ്പുവെച്ചത്. താരത്തിന്റെ സൈനിംഗ് ഔദ്യോഗികമായി ബ്ലാസ്റ്റേഴ്സ് പ്രഖ്യാപിച്ചു. ഡിഫൻഡറായ ജെസ്സെലിനെ ഗോവൻ ക്ലബായ ഡെമ്പോയിൽ നിന്നാണ് കേരള ബ്ലാസ്റ്റേഴ്സ് സ്വന്തമാക്കുന്നത്.

അവസാന നാലു വർഷങ്ങളോളമായി ഡെമ്പോയുടെ ഭാഗമാണ് ജെസ്സെൽ. ഈ കഴിഞ്ഞ ഗോവൻ പ്രൊ ലീഗിലും ഗംഭീര പ്രകടനം താരം നടത്തിയിരുന്നു. സന്തോഷ് ട്രോഫിയിൽ പഞ്ചാബിനോട് തോറ്റ് പുറത്തായെങ്കിലും ജെസ്സലിന്റെ പ്രകടനം പ്രശംസ പിടിച്ചു പറ്റിയിരുന്നു. മുമ്പ് പൂനെ എഫ് സി, സാൽഗോക്കർ എന്നീ ടീമുകളും ജെസ്സൽ കളിച്ചിട്ടുണ്ട്.

28കാരനായ താരത്തിന്റെ ഐ എസ് എല്ലിലെ ആദ്യ ക്ലബാണ് കേരള ബ്ലാസ്റ്റേഴ്സ്. ഇതുവരെ ഐ എസ് എല്ലിൽ കളിച്ചിട്ടില്ല എന്നതു കൊണ്ട് തന്നെ ആദ്യ ഇലവനിൽ എത്താൻ ജെസ്സൽ കുറച്ചു സമയമെടുത്തേക്കും. ലെഫ്റ്റ് ബാക്കായും സെന്റർ ബാക്കായും കളിക്കാൻ കഴിവുള്ള താരമാണ്.

Previous articleലോര്‍ഡ്സ് ടെസ്റ്റ്, ആദ്യ ദിവസം ടോസ് പോലും നടക്കാതെ ഉപേക്ഷിച്ചു
Next articleകരീബിയന്‍ പര്യടനം കഴിയുന്നത് വരെ ഇന്ത്യന്‍ മാനേജര്‍ ടീമിനൊപ്പം തുടരും