സന്തോഷ് ട്രോഫി ടോപ് സ്കോറർ ജെസിൻ ഇനി ഈസ്റ്റ് ബംഗാൾ ജേഴ്സിയിൽ

സന്തോഷ് ട്രോഫിയോടെ വലിയ താരമായി മാറിയ ജെസിൻ അവസാനം തന്റെ ക്ലബ് മാറ്റം പൂർത്തിയാക്കുന്നു. കേരള യുണൈറ്റഡിന്റെ താരമായിരുന്ന ജെസിനെ ഈസ്റ്റ് ബംഗാൾ ആണ് സ്വന്തമാക്കിയത്. താരം ഇന്നലെ കൊൽക്കത്തയിൽ എത്തിയ ജെസിൻ ഇന്ന് മെഡിക്കൽ പൂർത്തിയാക്കി കരാർ ഒപ്പുവെക്കും.

ജെസിൻ

താരം ഈസ്റ്റ് ബംഗാളിൽ രണ്ടു വർഷത്തെ കരാർ ഒപ്പുവെക്കും എന്നാണ് സൂചന. നേരത്തെ തന്നെ ജെസിൻ ഈസ്റ്റ് ബംഗാളിൽ എത്തും എന്ന് കരുതപ്പെട്ടതായിരുന്നു‌. ഈസ്റ്റ് ബംഗാളിന്റെ ഐ എസ് എൽ സ്ക്വാഡിൽ എത്താൻ ആകും ഇനി ജെസിൻ ശ്രമിക്കുക.

കേരളത്തെ സന്തോഷ് ട്രോഫി കിരീടത്തിലേക്ക് നയിച്ച പരിശീലകനായ ബിനോ ജോർജ്ജിന്റെ സാന്നിദ്ധ്യമാണ് ജെസിനെ കൊൽക്കത്തയിലേക്ക് എത്തിച്ചത്.

കേരള യുണൈറ്റഡിലൂടെ പ്രൊഫഷണൽ കരിയർ ആരംഭിച്ച ജെസിൻ ഇതുവരെ കേരള യുണൈറ്റഡിൽ തന്നെ ആയിരുന്നു. സന്തോഷ് ട്രോഫി ടൂർണമെന്റിൽ ടോപ് സ്കോറർ ആയ ജെസിൻ കർണാടകയ്ക്ക് എതിരായ സെമി ഫൈനലിൽ സബ്ബായി ഇറങ്ങി അഞ്ചു ഗോളുകൾ അടിച്ചിരുന്നു. അന്ന് ഇന്ത്യൻ ഫുട്ബോൾ ലോകത്തിന്റെ ആക ശ്രദ്ധ ജെസിനിൽ എത്തിയിരുന്നു. 22കാരനായ താരം കൊൽക്കത്തയിൽ തിളങ്ങുന്നത് കാണാനായി കാത്തിരിക്കുകയാണ് ഇപ്പോൾ മലയാളികൾ.