ഒന്നാം സ്ഥാനത്ത് തുടരാൻ ജംഷദ്പൂർ ഒഡീഷക്ക് എതിരെ

തങ്ങളുടെ ആദ്യ ഹീറോ ഇന്ത്യൻ സൂപ്പർ ലീഗ് (ഐഎസ്എൽ) സെമി ഫൈനൽ യോഗ്യത ഉറപ്പിച്ച ജംഷദ്പൂർ വെള്ളിയാഴ്ച ബാംബോലിമിലെ അത്‌ലറ്റിക് സ്റ്റേഡിയത്തിൽ ഒഡീഷ എഫ്‌സിയുമായി കൊമ്പുകോർക്കുന്നു‌. ജംഷഡ്പൂർ എഫ്‌സി അഞ്ച് മത്സരങ്ങളുടെ അപരാജിത പരമ്പര തുടരാൻ ആണ് ഇന്ന് ഇറങ്ങുന്നത്.

ഒഡീഷ എഫ്‌സിക്കെതിരെയും എടികെ മോഹൻ ബഗാനെതിരെയും അടുത്ത രണ്ട് മത്സരങ്ങളിൽ തോൽവിയറിയാതെ തുടരുകയാണെങ്കിൽ ജംഷദ്പൂരിന് ഐ എസ് എൽ ഷീൽഡ് ഉറപ്പിക്കാം.

ഒഡീഷ എഫ്‌സിക്ക് ഇത് സീസണിലെ അവസാന മത്സരമാണ്. സീസണിന്റെ തുടക്കത്തിൽ ഇരു ടീമുകളും ഏറ്റുമുട്ടിയപ്പോൾ ഗ്രെഗ് സ്റ്റുവാർട്ട് ഹാട്രിക്കിന്റെ ബലത്തിൽ ജെഎഫ്സി ഒഡീഷ എഫ്സിയെ 4-0 ന് തകർത്തിരുന്നു. രാത്രി 7.30ന് നടക്കുന്ന മത്സരം തത്സമയം സ്റ്റാർ സ്പോർട്സിലും ഹോട്സ്റ്റാറിലും കാണാം.