ഫ്രീകിക്ക് ഗോളുമായി ടാച്ചിക്കാവ; സീസണിലെ ആദ്യ ജയം കുറിച്ച് ജംഷദ്പൂർ

Nihal Basheer

20231005 220922
Download the Fanport app now!
Appstore Badge
Google Play Badge 1

ഫ്രീകിക്ക് ഗോളുമായി ജപ്പാൻ താരം റെയ് ടാച്ചിക്കാവ മത്സരത്തിന്റെ വിധി നിർണയിച്ചപ്പോൾ ഐഎസ്എൽ സീസണിലെ ആദ്യ ജയം കുറിച്ച് ജംഷദ്പൂർ. ഇന്ന് സ്വന്തം തട്ടകത്തിൽ നടന്ന മത്സരത്തിൽ ഹൈദരാബാദ് എഫ്‌സിയെയാണ് ജംഷദ്പൂർ കീഴടക്കിയത്. ഇതോടെ പോയിന്റ് പട്ടികയിൽ ആറാം സ്ഥാനത്താണ് അവർ. ഇതുവരെ വിജയം കുറിക്കാത്ത ഹൈദരാബാദ് പത്താം സ്ഥാനത്തുമാണ്.
20231005 220814
മത്സരത്തിന്റെ തുടക്കം മുതൽ നിരവധി അവസരങ്ങൾ ആണ് ഇരു ഭാഗത്തും പിറന്നത്. എന്നാൽ ഗോളാക്കി മാറ്റാൻ ടീമുകൾക്ക് സാധിച്ചില്ല. ജംഷദ്പൂരായിരുന്നു കൂടുതൽ അവസരങ്ങൾ തുലച്ചത്. ഹൈദരാബാദിൽ നിന്നും ലക്ഷ്യത്തിന് നേരെ കൂടുതൽ ഷോട്ടുകൾ പിറന്നെങ്കിലും രഹനെഷിന്റെ കരങ്ങൾ ആതിഥേയരുടെ രക്ഷക്കെത്തി. ആദ്യ പകുതിയിൽ ഹൈദരാബാദ് ചെറിയ മുൻതൂക്കം നേടി. ഏഴാം മിനിറ്റിൽ യാസിറിന്റെ ഷോട്ട് രഹനേഷ് തടുത്തു. ടച്ചിക്കാവയുടെ ശ്രമം ഗുർമീത് തട്ടിയകറ്റി. പെനന്നെന്റെ ഫ്രീകിക്ക് രഹനേഷ് തടുത്തതിൽ ജോ നൊൾസ് പോസ്റ്റിന് തൊട്ടു മുൻപിൽ വെച്ച് വീണ്ടും ഷോട്ട് ഉതിർത്തെങ്കിലും പന്ത് ലക്ഷ്യം തെറ്റി പറന്നു. സ്റ്റവാനോവിച്ച് ഒരുക്കി നൽകിയ അവസരത്തിൽ ബോസ്‌കിന് തൊട്ടു പുറത്തു നിന്നും നവോരേം തൊടുത്ത ഷോട്ടും പോസ്റ്റിൽ നിന്നും അകന്ന് പോയി.

രണ്ടാം പകുതിയിലും കാര്യങ്ങൾ മാറ്റമില്ലാതെ തുടർന്നു. അവസരങ്ങൾ ഗോളാക്കി മാറ്റാൻ സാധിക്കാതെ ടീമുകൾ വിഷമിച്ചു. 57ആം മിനിറ്റിൽ ബോസ്‌കിലേക്ക് കടന്ന് കയറി തടയാൻ എത്തിയ പ്രതിരോധ താരങ്ങൾക്കിടയിലൂടെ സ്റ്റെവാനോവിച്ച് ഉരുട്ടി വിട്ട പന്ത് പോസ്റ്റിലെ തൊട്ടില്ലെന്ന വണ്ണം കടന്ന് പോയി. നിർഭാഗ്യം മത്സരത്തിൽ പിടിമുറുക്കുന്നതിനിടെ സമനില പൂട്ട് പൊട്ടിച്ചു കൊണ്ട് ടച്ചിക്കാവ എത്തി. ഹൈദരാബാദ് താരം നിം ഡോർജിയുടെ ഫൗളിൽ റഫറി ബോക്സിന് പുറത്തു നിന്നും ഇടത് ഭാഗത്ത് ഫ്രീകിക്ക് വിധിച്ചു. താരം മഞ്ഞക്കാർഡും കണ്ടു. കിക്ക് എടുത്ത ടച്ചിക്കാവ പ്രതിരോധ മതിലിനെയും കീപ്പറേയും മറികടന്ന് അതിമനോഹരമായി പന്ത് വലയിൽ എത്തിച്ചു. 76ആം മിനിറ്റിലാണ് ഗോൾ പിറന്നത്. അവസാന നിമിഷങ്ങളിൽ ഹൈദരാബാദ് ഗോളിനായി ആക്രമണം കടുപ്പിച്ചെങ്കിലും ജംഷദ്പൂർ പ്രതിരോധം ഉറച്ചു നിന്നു. ഇഞ്ചുറി ടൈമിൽ ലീഡ് ഇരട്ടിയാക്കാനുള്ള സുവർണാവസരം ഹോക്കിപ്പ് കളഞ്ഞു കുളിച്ചു. കീപ്പർ മാത്രം മുന്നിൽ നിൽക്കെ താരം തൊടുത്ത ഷോട്ട് പോസ്റ്റിൽ തട്ടി തെറിച്ചു.