ജംഷദ്പൂർ ഇന്ന് നടക്കുന്ന മത്സരത്തിൽ ഹൈദരബാദ് എഫ് സിയെ നേരിടും. കളിച്ച രണ്ട് മത്സരത്തിലും വിജയിക്കാൻ കഴിയാത്ത ഓവൻ കോയ്ലിന്റെ ടീം ഇന്ന് വിജയം തന്നെ ആകും ലക്ഷ്യമിടുന്നത്. രണ്ട് മത്സരത്തിൽ നിന്ന് ഒരു പോയിന്റ് മാത്രമാണ് ജംഷദ്പൂരിന് ഉള്ളത്. രണ്ട് മത്സരങ്ങളിൽ നിന്നായി 4 ഗോളുകൾ അവർ വഴങ്ങുകയും ചെയ്തു. ഇന്ന് ഗോൾ കീപ്പർ രെഹ്നേഷ് ഇല്ലാതെ ആകും ജംഷദ്പൂർ ഇറങ്ങുക. രെഹ്നേഷിന് കഴിഞ്ഞ മത്സരത്തിൽ ചുവപ്പ് കാർഡ് ലഭിച്ചിരുന്നു.
മറുവശത്ത് ഹൈദരാബാദ് എഫ് സി രണ്ട് മത്സരങ്ങളിൽ നിന്ന് നാലു പോയിന്റുമായി നല്ല രീതിയിലാണ് സീസൺ തുടങ്ങിയത്. രണ്ട് മത്സരങ്ങളിലും ക്ലീൻ ഷീറ്റ് സ്വന്തമാക്കാനും അവർക്കായി. എന്നാൽ ആകെ ഒരു ഗോൾ മാത്രമെ അവർ നേടിയുള്ളൂ. അതും പെനാൾട്ടിയിൽ നിന്നായിരുന്നു. ഇന്ന് അപരാജിത റെക്കോർഡ് തുടരാൻ ആകും ഹൈദരബാദ് ശ്രമിക്കുക. ഇന്ന് വിജയിച്ചാൽ അവർക്ക് ലീഗിൽ ഒന്നാമത് എത്താനും ആകും. ഇന്ന് രാത്രി 7.30നാണ് മത്സരം നടക്കുക.













