എഫ്‌സി ഗോവയ്‌ക്കെതിരായ 5-3ന്റെ ആവേശകരമായ വിജയത്തോടെ മുംബൈ സിറ്റി എഫ്‌സി ഇന്ത്യൻ സൂപ്പർ ലീഗ് ഷീൽഡ് സ്വന്തമാക്കി. ഇത് രണ്ടാം തവണയാണ് മുംബൈ സിറ്റി ഷീൽഡ് നേടുന്നത്. മുമ്പ് 2021ലും മുംബൈ സിറ്റി കിരീടം നേടിയിരുന്നു. ഇത്തവണ ഇനിയും ലീഗിൽ രണ്ട് മത്സരം ശേഷിക്കെ ആണ് മുംബൈ സിറ്റി ഷീൽഡ് ഉറപ്പിച്ചത്. സീസണിൽ ഇതുവരെ മുംബൈ പരാജയം അറിഞ്ഞിട്ടുമില്ല.
ഇന്ന് തുടക്കം മുതൽ വാശിയേറിയ മത്സരമാണ് കാണാൻ ആയത്. തുടക്കത്തിൽ അഞ്ചാം മിനുട്ടിൽ നോഹ സദൗയിയിലൂടെ എഫ്‌സി ഗോവ ലീഡ് നേടി. എന്നാൽ 18-ാം മിനിറ്റിൽ ഗ്രെഗിന്റെ മികച്ച ഫ്രീകിക്കിലൂടെ മുംബൈ സിറ്റി അതിവേഗം സമനില പിടിച്ചു. ഇടവേളയ്ക്ക് മുമ്പ് ഡിയസ് കൂടെ ഗോൾ നേടിയതോടെ മുംബൈ 2-1ന് മുന്നിൽ എത്തി. ഡിയസ് ഗോൾ നേടി തൊട്ടടുത്ത മിനുട്ടിൽ ബ്രണ്ടന്റെ ഗോൾ വന്നു. സ്കോർ 2-2. ആദ്യ പകുതി അവസാനിക്കുന്നതിന് മുമ്പ് ഒരു ഫ്രീകിക്ക് കൂടെ. അതും ഗോളാക്കി മാറ്റി ഗ്രെഗ് സ്റ്റുവർട്ട് മുംബൈ സിറ്റിയെ 3-2ന് മുന്നിൽ എത്തിച്ചു.
രണ്ടാം പകുതിയിൽ, 70-ാം മിനിറ്റിൽ ചാങ്‌ടെയുടെ ഗോളിൽ മുംബൈ സിറ്റി നിയന്ത്രണം ഏറ്റെടുത്തു. പിന്നാലെ വിക്രം പ്രതാപിന്റെ ഗോൾ കൂടെയെത്തി. പിന്നെ ഒരു തിരിച്ചുവരവ് ഉണ്ടായിരുന്നില്ല. എഫ് സി ഗോവ ബ്രൈസണിലൂടെ ഒരു ഗോൾ കൂടെ നേടി എങ്കിലും വിജയം മുംബൈ സിറ്റി തന്നെ സ്വന്തമാക്കിം.
18 മത്സരങ്ങളിൽ നിന്ന് ടീമിന്റെ 46-ാം പോയിന്റ് ആണ് മുംബൈ സിറ്റിക്ക് ഉള്ളത്. 36 പോയിന്റുമായി രണ്ടാം സ്ഥാനത്തുള്ള ഹൈദരാബാദിന് ശേഷിക്കുന്ന മൂന്ന് മത്സരങ്ങളും ജയിച്ചാലും മുംബൈ സിറ്റിക്ക് ഒപ്പമെത്താനാകില്ല.