ഐ എസ് എൽ നാളെ മുതൽ, ഇത്തവണ ഇറങ്ങുന്ന മലയാളി മാണിക്യങ്ങൾ ഇവർ!!

Img 20201119 164108
Credit: Twitter
- Advertisement -

ഐ എസ് എല്ലിന്റെ പുതിയ സീസണ് നാളെ ആദ്യ വിസിൽ മുഴങ്ങും. മലയാളികൾ ഏറെ ഉറ്റുനോക്കുന്നത് കേരള ബ്ലാസ്റ്റേഴ്സിൽ ആണെങ്കിലും ഒപ്പം മലയാളി താരങ്ങളുടെ ലീഗിലെ മൊത്തത്തിൽ ഉള്ള പ്രകടനത്തിലും മലയാളി ഫുട്ബോൾ പ്രേമികൾക്ക് വലിയ താല്പര്യം ഉണ്ടാകും. ഇത്തവണ എല്ലാ ടീമുകളും സ്ക്വാഡുകൾ പ്രഖ്യാപിച്ചപ്പോൾ 15 മലയാളി താരങ്ങൾ ആണ സ്ക്വാഡ് ലിസ്റ്റിൽ ഉള്ളത്.

അതിൽ ഏറ്റവും കൂടുതൽ താരങ്ങൾ തീർച്ചയായും കേരള ബ്ലാസ്റ്റേഴ്സിൽ തന്നെയാണ്. അഞ്ചു മലയാളികളാണ് കേരള ബ്ലാസ്റ്റേഴ്സിനായി ഇത്തവണ കളത്തിൽ ഇറങ്ങുന്നത്. അഞ്ചു പേരും കഴിഞ്ഞ സീസണിലും കേരള ബ്ലാസ്റ്റേഴ്സിനൊപ്പം ഉണ്ടായിരുന്നവരാണ്. ഡിഫൻഡർ അബ്ദുൽ ഹക്കു, മധ്യനിര താരങ്ങളായ അർജുൻ ജയരാജ്, സഹൽ അബ്ദുൽ സമദ്, രാഹുൽ കെ പി, പ്രശാന്ത് എന്നീ താരങ്ങളാണ് കേരള ബ്ലാസ്റ്റേഴ്സിൽ മലയാളികളായി ഉള്ളത്. ഇതിൽ അർജുൻ ജയരാജ് തന്റെ സീനിയർ അരങ്ങേറ്റത്തിനായി കാത്തിരിക്കുകയാണ്. കഴിഞ്ഞ സീസണിൽ പരിക്ക് കാരണം അർജുന് കളിക്കാൻ ആയിരുന്നില്ല.

നോർത്ത് ഈസ്റ്റ് യുണൈറ്റഡിൽ മൂന്ന് മലയാളി താരങ്ങൾ ഉണ്ട്. മോഹൻ ബഗാനിൽ നിന്ന് എത്തിയ വി പി സുഹൈർ, ഇന്ത്യൻ നേവി താരമായിരുന്ന ബ്രിട്ടോ, ചെന്നൈ സിറ്റി വിട്ട് വന്ന മഷൂർ ഷരീഫ് എന്നിവരാണ് നോർത്ത് ഈസ്റ്റ് നിരയിൽ ഉള്ളത്. ഇവർ മൂന്ന് പേരും ആദ്യമായാണ് ഐ എസ് എല്ലിൽ കളിക്കുന്നത്. ബെംഗളൂരു എഫ് സിയിലും മൂന്ന് മലയാളി താരങ്ങൾ ഉണ്ട്. ആശിഖ് കുരുണിയൻ, ലിയോണ അഗസ്റ്റിൻ എന്നിവർക്ക് ഒപ്പം യുവ ഗോൾകീപ്പർ ഷാരോണും ഇത്തവണ സീനിയർ സ്ക്വാഡിൽ ഇടം പിടിച്ചു.

ഈസ്റ്റ് ബംഗാളിലും മൂന്ന് മലയാളി താരങ്ങളാണ് ഉള്ളത്. ഗോൾ കീപ്പർ മിർഷാദ്, മുൻ കേരള ബ്ലാസ്റ്റേഴ്സ് താരമായ സി കെ വിനീത്, മുൻ ഗോകുലം കേരള താരം ഇർഷാദ് എന്നിവരാണ് കൊൽക്കത്തൻ ക്ലബിനായി കളിക്കുന്നത്. ക്വാരന്റൈനിൽ ആയതിനാൽ സി കെ വിനീതിന് ആദ്യം മത്സരം നഷ്ടമായേക്കും. ജംഷദ്പൂർ എഫ് സിയിൽ മലയാളി ആയി ഉള്ളത് ടി പി രെഹ്നേഷാണ്. കഴിഞ്ഞ സീസണിൽ കേരള ബ്ലാസ്റ്റേഴ്സിന്റെ ഗോൾ കീപ്പറായിരുന്നു രെഹ്നേഷ്.

ജോബി ജസ്റ്റിൻ മോഹൻ ബഗാൻ ടീമിൽ ഉണ്ട് എങ്കിലും പരിക്ക് കാരണം സ്ക്വാഡിൽ ഉൾപ്പെടുത്തിയിട്ടില്ല. അവസാന ഐ എസ് എല്ലുകളിലെ സ്ഥിര സാന്നിദ്ധ്യങ്ങളായിരുന്ന മുഹമ്മദ് റാഫി, എം പി സക്കീർ, റിനോ ആന്റോ, അനസ് എടത്തൊടിക എന്നിവരൊന്നും ഇത്തവണ ഐ എസ് എല്ലിൽ ഇല്ല.

Advertisement