ഐ എസ് എല്ലിലെ ആദ്യ വിജയം എന്ന ഈസ്റ്റ് ബംഗാളിന്റെ കാത്തിരിപ്പ് തുടരും. ഇന്ന് ചെന്നൈയിന് എതിരായ മത്സരത്തിലും വിജയം നേടാൻ അവർക്ക് ആയില്ല. എങ്കിലും ചെന്നൈയിനോട് പൊരുതി സമനില നേടാൻ ഈസ്റ്റ് ബംഗാളിനായി. 2-2 എന്ന നിലയിലാണ് മത്സരം അവസാനിച്ചത്. രണ്ട് തവണ ലീഡ് നേടിയിട്ടും ചെന്നൈയിന് വിജയിക്കാൻ ആവാത്തത് അവർ അത്രയും അവസരങ്ങൾ തുലച്ചത് കൊണ്ടാണ്.
മത്സരത്തിന്റെ 13ആം മിനുട്ടിലാണ് ചെന്നൈയിൻ അവരുടെ ആദ്യ ഗോൾ നേടിയത്. സില്വസ്റ്റർ നൽകിയ ഒരു ത്രൂ പാസുമായി കുതിച്ച് ചാങ്തെ ആണ് ലക്ഷ്യം കണ്ടത്. ചാങ്തെയുടെ സീസണിലെ ആദ്യ ഗോളായിരുന്നു ഇത്. ആ ഗോളിന് രണ്ടാം പകുതിയിൽ ഒരു കോർണറിലൂടെ ഈസ്റ്റ് ബംഗാൾ മറുപടി പറഞ്ഞു. സ്റ്റൈന്മാന്റെ ഹെഡറിലൂടെ ആയിരുന്നു ഈസ്റ്റ് ബംഗാളിന്റെ സമനില.
64ആം മിനുട്ടിൽ വീണ്ടും ലീഡ് എടുക്കാൻ ചെന്നൈയിനായി. ഇത്തവണയും സിൽവസ്റ്റർ തന്നെയാണ് അസിസ്റ്റ് ഗോൾ ഒരുക്കിയത്. ഇന്ത്യൻ യുവതാരം റഹീം അലയുടെ വക ആയിരുന്നു ഗോൾ. താരത്തിന്റെ സീസണിലെ രണ്ടാം ഗോളാണ്. പക്ഷെ ഇത്തവണയും ലീഡ് നിലനിർത്താൻ ആയില്ല. വീണ്ടും സ്റ്റൈന്മാൻ തന്നെ ഈസ്റ്റ് ബംഗാളിന് സമനില നേടിക്കൊടുത്തു.
ഇതിനു ശേഷം അനേകം അവസരങ്ങൾ ചെന്നൈയിന് ലഭിച്ചു. പക്ഷെ ഒന്ന് പോലും ഗോൾ വലയ്ക്ക് അകത്ത് കയറിയില്ല. സമനിലയുമായി ചെന്നൈയിൻ 7 പോയിന്റുമായി എഴാം സ്ഥാനത്ത് നിൽക്കുകയാണ്. 3 പോയിന്റുള്ള ഈസ്റ്റ് ബംഗാൾ പത്താം സ്ഥാനത്ത് തന്നെയാണ് ഉള്ളത്.