ഇന്ത്യൻ ഫുട്ബോളിന്റെ റോഡ്മാപ്പ്, ലക്ഷ്യത്തിലേക്കുള്ള വളഞ്ഞ വഴിയോ?!

ഇന്നലെ എ എഫ് സിക്ക് മുന്നിൽ ഓൾ ഇന്ത്യ ഫുട്ബോൾ ഫെഡറേഷൻ സമർപ്പിച്ച ഇന്ത്യൻ ഫുട്ബോളിന്റെ റോഡ് മാപ്പ് ഇനി എന്താകും ഫുട്ബോളിൽ നടക്കുക എന്നതിന്റെ ശരിയായ ചിത്രങ്ങൾ നൽകുന്നു. ഐ എസ് എൽ ഒന്നാം ലീഗ് ആകുമെന്നും ഐ ലീഗ് രണ്ടാം ഡിവിഷൻ ആകുമെന്നും ഇന്നലെയോടെ വ്യക്തമാക്കി. ലീഗ് ലയനം എന്നുള്ള ഫുട്ബോൾ ആരാധകരുടെ നീണ്ട കാലത്തെ ആവശ്യം നടന്നില്ല എങ്കിലും ഇന്ത്യൻ ഫുട്ബോളിലെ അനിശ്ചിതത്വത്തിന് ഇതോടെ അവസാനമായി.

ഐ എസ് എൽ ഒന്നാം ലീഗായി മാറുകയും ചുരുങ്ങിയത് നാലു ഐലീഗ് ക്ലബുകൾക്ക് എങ്കിലും 2025ലേക്ക് ഐ എസ് എല്ലിലേക്ക് എത്താൻ ആവുകയും ചെയ്യും. അടുത്ത സീസണിൽ ഫ്രാഞ്ചൈസി തുക നൽകി രണ്ട് ഐലീഗ് ടീമുകൾക്ക് ഐ എസ് എല്ലിലേക്ക് എത്താം ഒപ്പം അതിനു ശേഷം രണ്ട് സീസണിൽ ഒരോ ടീമുകൾക്ക് പ്രൊമോഷൻ വഴി ഐ എസ് എല്ലിൽ എത്തുകയും ചെയ്യാം.

ഐ എസ് എല്ലിനെയും എ ഐ എഫ് എഫിനെയും നിരന്തരമായി വിമർശിച്ചിരുന്ന മിനേർവ പഞ്ചാബ് ഉടമയായ രഞ്ജിത്ത് ബജാജ് ഈ റോഡ് മാപ്പ് സ്വാഗതാർഹമാണെന്നാണ് പറഞ്ഞത്. ഐ ലീഗ് രണ്ടാം ഡിവിഷൻ ആകുമെങ്കിലും കുറച്ച് ക്ലബുകൾക്ക് എങ്കിലും ഐ എസ് എല്ലിലേക്ക് എത്താൻ അവസരം കൊടുക്കുന്നു എന്നത് ആശ്വാസമാണെന്ന് രഞ്ജിത്ത് ബജാജ് പറഞ്ഞു.

പ്രൊമോഷൻ, റിലഗേഷൻ ഒക്കെ വരുന്നതോടെ 2025 മുതൽ ഇന്ത്യൻ ഫുട്ബോളിന് ഒരു നല്ല ഫുട്ബോൾ ലീഗ് കിട്ടും എന്നതും ഈ തീരുമാനങ്ങളിലെ നല്ല കാര്യമാണ്. എന്നാൽ അപ്പോഴും ഐ ലീഗ് ക്ലബുകൾ ഒരു തെറ്റും ചെയ്യാതെ രണ്ടാം ഡിവിഷൻ ആക്കപ്പെട്ടു എന്ന സങ്കടം ബാക്കി നിൽക്കും. ഇന്ത്യയിലെ ഏറ്റവും വലിയ ഇതിഹാസ ക്ലബുകളായ ഈസ്റ്റ് ബംഗാളും മോഹൻ ബഗാനും ഈ സീസണിൽ രണ്ടാം ഡിവിഷനിലാണ് കളിക്കേണ്ടത് എന്നതും ന്യായമായ കാര്യമല്ല. ഐലീഗ് ക്ലബുകളുടെ ആരാധകരിൽ ഭൂരിഭാഗത്തിനും ഈ പുതിയ തീരുമാനങ്ങളികെ വിഷമവും ഇതാകും.

റിലയൻസിന്റെ പണം ഇന്ത്യൻ ഫുട്ബോളിന് നിറം കൊണ്ടു വന്നു എന്നതും ആരാധകരെ തിരികെ വീണ്ടും സ്റ്റേഡിയത്തിലേക്ക് എത്തിച്ച് തുടങ്ങി എന്ന സത്യം അംഗീകരിക്കുന്നതോടൊപ്പം ഇതേ പണം ഇല്ല എന്ന ഒരൊറ്റ കുറവിന്റെ പേരിൽ ഒരുപാട് കാലമായി കഷ്ടപെട്ട് ഇന്ത്യൻ ഫുട്ബോളിനെ പിടിച്ചുനിർത്തിയിരുന്ന ഒരുപറ്റം ക്ലബുകൾ സെക്കൻഡ് ഡിവിഷനായി തരം താഴ്ത്തപ്പെടുന്നത് ശരിയല്ല എന്നതും കൂടെ അംഗീകരിക്കേണ്ടി വരും. എന്തായാലും അന്തിമ തീരുമാനങ്ങൾ കൈക്കൊണ്ട സ്ഥിതിക്ക് ഇനി ഐ ലീഗ് ക്ലബുകൾ അത്ഭുതങ്ങൾ ഒന്നും പ്രതീക്ഷിക്കേണ്ടതില്ല.

ഇത്രകാലവും ഐ എസ് എല്ലിനെ ഒന്നാമതാക്കാൻ വേണ്ടി ഐലീഗിനെ മാർക്കറ്റ് ചെയ്യാതെയും ടെലിക്കാസ്റ്റ് ചെയ്യാതെയും ഒക്കെ അവഗണിച്ച എ ഐ എഫ് എഫ്, ഇനി ഐ എസ് എൽ ഔദ്യോഗികമായി തന്നെ ഒന്നാമതായ സ്ഥിതിക്ക് ഐലീഗിനോടുള്ള അവഗണന നിർത്തുമോ അതോ ഇനി അങ്ങോട്ട് തിരിഞ്ഞു നോക്കുകയേ ഇല്ലയോ എന്നതേ സംശയമായി ബാക്കിയുള്ളൂ.

Previous articleകടന്ന് കൂടി സിന്ധു, കശ്യപിന് ആദ്യ റൗണ്ടില്‍ പരാജയം, പുരുഷ ഡബിള്‍സില്‍ വിജയം
Next articleചില പാകിസ്ഥാൻ താരങ്ങളുടെ മനോഭാവം ശരിയല്ലെന്ന് മിസ്ബാഹുൽ ഹഖ്