ഐ എസ് എല്ലിൽ കേരള ബ്ലാസ്റ്റേഴ്സിന്റെ മോശം തുടക്കം തുടരുന്നതാണ് ഇന്നും കാണാൻ കഴിയുന്നത്. ഐ എസ് എല്ലിലെ നാലാം മത്സരത്തിൽ എഫ് സി ഗോവയെ നേരിടുന്ന കേരള ബ്ലാസ്റ്റേഴ്സ് ആദ്യ പകുതി പിന്നിടുമ്പോൾ എതിരില്ലാത്ത ഒരു ഗോളിന് പിറകിലാണ്. സീസണിൽ ഇതുവരെ വിജയിക്കാൻ കഴിയാത്ത കേരള ബ്ലാസ്റ്റേഴ്സ് ഒരു വിജയം നേടണം എങ്കിൽ ഇന്ന് രണ്ടാം പകുതിയിൽ അത്ഭുതങ്ങൾ കാണിക്കേണ്ടി വരും.
ഇന്ന് തുടക്കം മുതൽ രണ്ട് ടീമുകളും അറ്റാക്ക് ചെയ്താണ് കളിച്ചത്. മികച്ച അവസരങ്ങൾ സൃഷ്ടിച്ചത് ഗോവ ആയിരുന്നു. ആദ്യ പകുതിയിൽ മാത്രം രണ്ട് തവണ ആണ് ഗോൾ എന്നുറച്ച ഗോവൻ ഷോട്ടുകൾ ഗോൾ പോസ്റ്റിൽ തട്ടി മടങ്ങിയത്. പക്ഷെ മൂന്നാമത്തെ ഗോൾ ശ്രമം ലക്ഷ്യത്തിൽ തന്നെ എത്തി. 30ആം മിനുട്ടിൽ ഇഗൊർ അംഗുളോ ആയിരുന്നു ഒരു ചിപിലൂടെ കളിയിലെ ആദ്യ ഗോൾ കണ്ടെത്തിയത്. അംഗുളോയുടെ ഷോട്ടും പോസ്റ്റിൽ തട്ടി എങ്കിലും അത് വലയിലേക്ക് തന്നെ പോയി.
ഗോൾ വീണതിനു ശേഷവും ഗോവ തന്നെയാണ് മികച്ച പ്രകടനം കാഴ്ചവെച്ചത്. 47ആം മിനുട്ടിൽ ഒരിക്കൽ കൂടെ ഗോവ വല കുലുക്കി എങ്കിലും റഫറി ഓഫ്സൈഡ് വിളിച്ചു. മറുവശത്ത് അവസരങ്ങൾ സൃഷ്ടിക്കാൻ കഴിയാതെ കഷ്ടപ്പെടുന്ന കേരള ബ്ലാസ്റ്റേഴ്സിനെയാണ് ഇന്ന് ആദ്യ പകുതിയിൽ കാണാൻ കഴിഞ്ഞത്.