ഗോവയിൽ ചെന്ന് എഫ് സി ഗോവയെ വീഴ്ത്തി ജംഷദ്പൂർ

ഈ സീസണിൽ ജംഷദ്പൂർ എഫ് സി വെറുതെ പോകുന്ന ഒരു ക്ലബായിരിക്കില്ല എന്ന് ഉറപ്പ് നൽകുന്ന പ്രകടനമാണ് ഐ എസ് എല്ലിൽ ഇന്ന് കാണാൻ ആയത്. കരുത്തരായ എഫ് സി ഗോവയെ അങ്ങ് ഗോവയിൽ ചെന്ന് വീഴ്ത്തിയിരിക്കുകയാണ് ജംഷദ്പൂർ. മറുപടിയില്ലാത്ത ഒരു ഗോളിനായിരുന്നു ജംഷദ്പൂർ വിജയം. പത്തു മത്സരങ്ങൾക്ക് ശേഷമാണ് ഗോവ സ്വന്തം ഗ്രൗണ്ടിൽ ഒരു മത്സരം പരാജയപ്പെടുന്നത്.

ആദ്യ പകുതിയിൽ 18ആം മിനുട്ടിൽ പിറന്ന ഒരു ഗോളാണ് ലൊബേരയുടെ ഗോവയെ തകർത്തത്. സെർജിയോ കാസ്റ്റിൽ ആയിരുന്നു ഗോൾ നേടിയത്. അതിനു ശേഷം എഫ് സി ഗോവൻ അറ്റാക്കിനെ വിദഗ്ദമായി തടയാൻ ജംഷദ്പൂരിനായി. 43ആം മിനുട്ടിൽ ഒരു ഗോവൻ ഗോൾ ശ്രമം പിടിക്കുന്നതിൽ സിബ്രതായ് പോളിന് വന്ന് പിഴവ് പന്ത് ഗോൾവര കടന്നെന്ന് തോന്നിച്ചു എങ്കിലും റഫറി ഗോൾ അനുവദിച്ചില്ല.

പിന്നീട് രണ്ടാം പകുതിയിലും സമനിലക്കായുള്ള ഗോവൻ ശ്രമം തുടർന്നു. പക്ഷെ 72ആം മിനുട്ടിൽ അഹ്മദ് ജാഹുവിന് ചുവപ്പ് കിട്ടിയത് ഗോവൻ പ്രതീക്ഷ തകർത്തു. ഒരു ഗോൾ പോലും അടിക്കാൻ വിടാതെ ഗോവയെ പിടിച്ചു കെട്ടിയത് ജംഷദ്പൂരിന് വലിയ ആത്മവിശ്വാസം നൽകും. ഗോവയടെ സീസണിലെ ആദ്യ പരാജയമാണിത്. ഈ ജയത്തോടെ ജംഷദ്പൂർ 10 പോയന്റുമായി ലീഗിൽ രണ്ടാമത് എത്തി.