വരാനിരിക്കുന്ന സീസണിലേക്ക് പരിചയസമ്പന്നനായ സ്പാനിഷ് പ്രതിരോധ താരം പോൾ മൊറേനോയെ സ്വന്തമാക്കി എഫ്.സി. ഗോവ. സ്പാനിഷ് രണ്ടാം ഡിവിഷൻ ക്ലബായ റേസിങ് സാന്റാൻഡറിലെ നാല് വർഷത്തിന് ശേഷമാണ് 31-കാരനായ താരം ഗോവയിലെത്തുന്നത്. സ്പെയിനിൽ 200-ൽ അധികം പ്രൊഫഷണൽ മത്സരങ്ങൾ കളിച്ച പരിചയസമ്പത്തുമായാണ് മൊറേനോ ഇന്ത്യൻ സൂപ്പർ ലീഗിലേക്ക് എത്തുന്നത്.
ബാർസലോണയിൽ ജനിച്ച് കറ്റാലൻ ഫുട്ബോൾ സിസ്റ്റത്തിലൂടെ വളർന്ന മൊറേനോ, മികച്ച പ്രതിരോധ താരം എന്നതിലുപരി കൃത്യമായ ഗെയിം പ്ലാൻ ഉള്ള താരം കൂടിയാണ്. അദ്ദേഹത്തിന്റെ നേതൃഗുണവും സ്ഥിരതയും കരിയറിലുടനീളം പ്രധാന സവിശേഷതകളായിരുന്നു. ഐ.എസ്.എൽ സീസണിനും വരാനിരിക്കുന്ന എ.എഫ്.സി. യോഗ്യതാ മത്സരങ്ങൾക്കും വേണ്ടി പ്രതിരോധം ശക്തിപ്പെടുത്താനുള്ള തന്ത്രപരമായ നീക്കമായാണ് എഫ്.സി. ഗോവയുടെ ഈ തീരുമാനം.
.