“തന്റെ കോച്ചിംഗ് കരിയറിൽ ഇതുവരെ ഇത്രയും പ്രശ്നങ്ങൾ നേരിടേണ്ടി വന്നിട്ടില്ല” – ഷറ്റോരി

Newsroom

താൻ ഇപ്പോൾ കടന്നു പോകുന്നത് വളരെ വിഷമം പിടിച്ച അവസ്ഥയിലൂടെ ആണെന്ന് കേരള ബ്ലാസ്റ്റേഴ്സ് പരിശീലകൻ ഈൽകോ ഷറ്റോരി. 20 വർഷമായി താൻ പരിശീലകനായി പ്രവർത്തിക്കുന്നു. ഈ 29 വർഷ കോച്ചിംഗ് കരിയറിൽ ഇതുവരെ ഇത്രയും പരിക്കിന്റെ പ്രശ്നങ്ങൾ താൻ നേരിടേണ്ടി വന്നിട്ടില്ല എന്ന് കേരള ബ്ലാസ്റ്റേഴ്സ് പരിശീലകൻ പറഞ്ഞു. ഇന്നലെ റാഫി കൂടെ പരിക്കേറ്റു പുറത്തായതോടെ കേരള ബ്ലാസ്റ്റേഴ്സിന്റെ പരിക്ക് ലിസ്റ്റ് നീണ്ടിരിക്കുകയാണ്.

സുയിവർലൂൺ, ജിങ്കൻ, അർജുൻ ജയരാജ്, ജൈറോ, ആർക്കസ് എന്നിവരെല്ലാം പരിക്കേറ്റ് ടീമിനു വേണ്ടി കളിക്കാൻ കഴിയാത്ത അവസ്ഥയിലാണ്. ഇന്നലെ മധ്യനിരക്കാരൻ മുസ്തഫയെയും കേരള ബ്ലാസ്റ്റേഴ്സിന് നഷ്ടമായിരുന്നു. തന്റെ ടീം ഇന്നലെ പ്രമുഖർ ഇല്ലാഞ്ഞിട്ടു വരെ ബെംഗളൂരു എഫ് സിക്ക് എതിരെ മികച്ചു നിന്നു എന്നും ഷറ്റോരി പറഞ്ഞു. തനിക്ക് ഈ പരിക്കുകൾ കാണുമ്പോൾ കൂടോത്രം ആണൊ എന്ന് വരെ സംശയമുണ്ടെന്നും ഡച്ച് പരിശീലകൻ പറഞ്ഞു.