ഗോളടിയിൽ ഇരു ടീമുകളും മത്സരിച്ച മികച്ച പോരാട്ടത്തിൽ പോയിന്റ് പങ്കുവെച്ച് ഈസ്റ്റ് ബംഗാളും നോർത്ത് ഈസ്റ്റും. കൊൽക്കത്തയിൽ നടന്ന മത്സരത്തിൽ മൂന്ന് ഗോളുകൾ വീതമടിച്ചു ഇരു ടീമുകളും പിരിഞ്ഞു. മലയാളി താരങ്ങളായ ജിതിൻ ഗോളും ഗനി നിഗം അസിസ്റ്റും നൽകി നോർത്ത് ഈസ്റ്റിനായി തിളങ്ങി. ഇതോടെ ഈസ്റ്റ് ബംഗാൾ ഒൻപതാം സ്ഥാനത്തും നോർത്ത് ഈസ്റ്റ് അവസാന സ്ഥാനത്തും തുടരുകയാണ്.
നാല് ഗോളുകൾ പിറന്ന ആവേശകരമായ ആദ്യ പകുതിയാണ് ഇരു ടീമുകളും ആരാധകർക്ക് സമ്മാനിച്ചത്. സ്വന്തം തട്ടകത്തിൽ പത്താം മിനിറ്റിൽ തന്നെ ക്ലീറ്റൻ സിൽവയിലൂടെ ഈസ്റ്റ് ബംഗാൾ മുന്നിലെത്തി. ഗോൾ വഴങ്ങിയതിന് പിറകെ നോർത്ത് ഈസ്റ്റ് സമ്മർദ്ദം ഉയർത്തിയത് മത്സരം മുറുക്കി. ഇരു ടീമുകളും ആക്രമണം തുടരുന്നതിനിടെ നോർത്ത് ഈസ്റ്റിന്റെ സമനില ഗോൾ എത്തി. മുപ്പതാം മിനിറ്റിൽ ബോക്സിന് തൊട്ടു പുറത്തു നിന്നുള്ളൊരു മികച്ച ഫിനിഷിങിലൂടെ പ്രതിബ് ഗോഗോയ് ആണ് ഗോൾ നേടിയത്. വെറും രണ്ടു മിനിറ്റിനു ശേഷം കൗണ്ടറിലൂടെ എത്തിയ നീക്കത്തിൽ ഫിലിപ്പോറ്റെക്സിന്റെ പാസിൽ നിലം പറ്റെ ഷോട്ട് ഉതിർത്ത് ജിതിൻ വല കുലുക്കിയപ്പോൾ ഈസ്റ്റ് ബംഗാൾ ഞെട്ടി. എന്നാൽ ഇടവേളക്ക് തൊട്ടു മുൻപ് സ്‌കോർ നില തുല്യമാക്കാൻ ഈസ്റ്റ് ബംഗാളിനായി. ജേർവിസിന്റെ അതിമനോഹരമായ ഒരു ബൈസൈക്കിൽ കിക്കാണ് ഈസ്റ്റ് ബംഗാളിന് തുണയായത്.
രണ്ടാം പകുതിയിലും വിജയത്തിനായി ഇരു ടീമുകളും നീക്കങ്ങൾ ആരംഭിച്ചു. അറുപത്തിനാലാം മിനിറ്റിൽ പെനൽറ്റിയുടെ രൂപത്തിൽ ഈസ്റ്റ് ബംഗാൾ വീണ്ടും ലീഡ് എടുത്തു. ബോക്സിനുള്ളിൽ നിന്നും അലക്‌സ് സജിയുടെ ഫൗൾ ആണ് പെനാൽറ്റിയിൽ കലാശിച്ചത്. കിക്ക് എടുത്ത ക്ലീറ്റൻ സിൽവക്ക് പിഴച്ചില്ല. എൺപത്തിയഞ്ചാം മിനിറ്റിൽ നോർത്ത് ഈസ്റ്റ് ഒരിക്കൽ കൂടി സമനില നേടി. മലയാളി താരം ഗനി നിഗത്തിന്റെ പാസിൽ ഇമ്രാൻ ഖാൻ ആണ് വല കുലുക്കിയത്. അവസാന നിമിഷങ്ങളിൽ ജിതിന്റെ ക്രോസിൽ പൊസിറ്റിന് തൊട്ടു മുൻപിൽ വെച്ചു റാൾതെ ഹെഡറിലൂടെ ഗോൾ നേടാനുള്ള അസുലഭ അവസരം കളഞ്ഞു കുളിച്ചു.