ധീരജ് ഇത്രയും വിമർശനങ്ങൾ അർഹിക്കുന്നുവോ?

- Advertisement -

ഇന്നലെ കേരള ബ്ലാസ്റ്റേഴ്സ് മത്സരത്തിനു ശേഷം അത്ഭുതമായി തോന്നിയത് ധീരജ് സിംഗിനെതിരെ ഉയർന്ന വിമർശങ്ങൾ കണ്ടായിരുന്നു. രണ്ട് ഐ എസ് എൽ മത്സരങ്ങളിലും കേരള ബ്ലാസ്റ്റേഴ്സിന്റെ വല കാത്ത ധീരജ് കാര്യമായ അബദ്ധങ്ങൾ വലയ്ക്കു മുന്നിൽ കാണിച്ചത് ഓർമ്മയിൽ ഇല്ല. എന്നിട്ടും ഈ വിമർശനങ്ങൾ എവിടെ നിന്നാണ് ഉയരുന്നത്. ഇന്നലെ കേരള വിജയം കൈവിട്ടപ്പോൾ വേറെ ആരെയും ബലിയാടാക്കാൻ കഴിയാത്തതാകാം ധീരജിലേക്ക് കുറച്ച് പേരെ എത്തിച്ചത്.

രണ്ട് മത്സരങ്ങളിൽ നിരവധി സേവുകൾ ഒന്നും ധീരജിന് ചെയ്യേണ്ടി വന്നിട്ടില്ല. അത് ധീരജിന്റെ കുറ്റമല്ല. കേരള ഡിഫൻസ് മികച്ചു നിന്നു എന്നതിന്റെ ഗുണമാണ്‌. ആകെ ധീരജ് വഴങ്ങിയത് ആകട്ടെ ഇന്നലെ അവസാന മിനുട്ടിൽ പ്രാഞ്ചലിന്റെ 35വാരെ അകലെ നിന്നുള്ള സ്ക്രീമർ ആയിരുന്നു. ധീരജിനല്ല ലോകത്തെ എറ്റവും മികച്ച ഗോൾ കീപ്പർക്ക് വരെ ആ ഷോട്ട് തടയാൻ കഴിയുമോ എന്ന് സംശയമാണ്. മുംബൈ പരിശീലകൻ പറഞ്ഞത് പോലെ ഒരു അത്ഭുത ഗോളായിരുന്നു അത്.

ധീരജിന് ഉയരമില്ലാത്തതാണ് പലരുടെയും പ്രശ്നം. 6 അടിക്ക് മേലെ ഉയരമുള്ളവർക്കെ മികച്ച ഗോൾ കീപ്പറാകാൻ കഴിയൂ എന്ന കാലമൊക്കെ കഴിഞ്ഞു‌. പൊസിഷനിങ്ങും ടെക്നിക്കൽ കഴിവും ഉള്ള താരങ്ങൾക്ക് ഉയരം ഗോൾപോസ്റ്റിന് മുന്നിൽ പ്രശ്നമല്ല. ഇംഗ്ലണ്ടിനായി ഈ കഴിഞ്ഞ ലോകകപ്പിൽ തകർപ്പൻ പ്രകടനം കാഴ്ചവെച്ച പിക്ക്ഫോർഡ് അതിന് ഒരുദാഹരണം ആണ്‌. ഈ ചെറു പ്രായത്തിൽ തന്നെ, ഇംഗ്ലണ്ടിനായി ഗ്ലോവ് ഇട്ട, ഏറ്റവും മികച്ച ഗോൾകീപ്പർമാരുമായി പിക്ക്ഫോർഡ് താരതമ്യം ചെയ്യപ്പെട്ടതും ഉയരം ഉള്ളത് കൊണ്ടള്ള. കഴിവ് ഉള്ളത് കൊണ്ടാണ്‌.

ധീരജ് സിംഗ് എന്നാൽ ഒരു 18കാരനാണ് എന്ന് ഓർക്കേണ്ടത്. ഗോൾകീപ്പർമാരുടെ പ്രൈം എന്നത് 30നും ശേഷമാണ് എന്നിരിക്കെ ധീരജിന്റേത് ഇതൊരു തുടക്കം മാത്രമാണ് എന്ന് മനസ്സിലാക്കുക. ഹൈം ബോളുകളിലും സെറ്റ്പീസുകളിലുമാണ് ധീരജ് ഇനിയും മികവിലേക്ക് ഉയരേണ്ടതുണ്ട് എന്ന് തോന്നുന്നത്. കോർണറുകൾക്കും ഫ്രീകിക്കുകൾക്ക് മുന്നിലും ധീരജ് പതറുന്നത് ഉയരമില്ലത്തത് കൊണ്ടല്ല. പരിചയസമ്പത്ത് കുറവായതിന്റെ പ്രശ്നമാണ്.

മാഞ്ചസ്റ്റർ യുണൈറ്റഡ് ഗോൾകീപ്പറായി ഡേവിഡ് ഡി ഹിയ ആദ്യം എത്തിയപ്പോൾ അദ്ദേഹം ഹൈ ബോളുകൾക്ക് മുന്നിൽ പതറിയതും വൻ അബദ്ധങ്ങളിൽ കലാശിച്ചതും ഫുട്ബോൾ പ്രേമികൾക്ക് ഓർമ്മയുണ്ടാകും. ഇംഗ്ലീഷ് ഫുട്ബോളിലെ ഫിസിക്കൽ പ്രസൻസിനോട് ഡി ഹിയ ഇണങ്ങാൻ എടുത്ത സമയത്തായിരുന്നു ഇത്. ധീരജിനെ കുറിച്ച് ഡേവിഡ് ജെയിംസ് ഇന്നലെ മത്സരശേഷം പറഞ്ഞത് ശ്രദ്ധേയമാണ്. ധീരജ് ഒരു പറ്റം വലിയ മനുഷ്യർക്കെതിരെ ആണ് പൊടുന്നനെ കളിക്കുന്നത് എന്ന് ഓർക്കുക എന്നും ഗോൾകീപ്പർമ്മാർക്ക് സമയം വേണമെന്നും ആയിരുന്നു ജെയിംസിന്റെ വാദം. ഇന്നലെ കേരള ബ്ലാസ്റ്റേഴ്സ് ജയിച്ചിരുന്നു എങ്കിൽ ഇങ്ങനെ ഒരു ചർച്ചയെ ഉയരില്ലായിരുന്നു എന്നും ജെയിംസ് പറഞ്ഞു.

ധീരജിന് കഴിവുണ്ടോ ഇല്ലയോ എന്നതിൽ ആർക്കും സംശയം കാണില്ല. അണ്ടർ 17 ലോകകപ്പിൽ നമ്മളെല്ലാവരും മികവ് കണ്ടതാണ്. വിദേശ രാജ്യങ്ങളിൽ ട്രയൽസ് ഒക്കെ വന്ന ധീരജ് മുന്നോട്ട് തന്നെയാണ് പോകുന്നത്. ഐ എസ് എൽ ചരിത്രത്തിലെ തന്നെ ഏറ്റവും പ്രായം കുറഞ്ഞ ഒന്നാം നമ്പർ ആണ് ധീരജ്. പല ക്ലബുകളുടെ ഓഫർ നിരസിച്ച് ധീരജ് കേരളത്തിൽ എത്തിയിട്ടുണ്ടെങ്കിൽ അത് ധീരജിന് ക്ലബിൽ വിശ്വാസമുള്ളത് കൊണ്ടാകും. ഒരു വിദേശ ഗോൾകീപ്പർക്കൊ ഇന്ത്യൻ സീനിയർ ഗോൾ കീപ്പർക്കൊ പിറകിൽ പോകാതെ ധീരജിനെ ഒന്നാം നമ്പർ ആക്കാൻ ക്ലബ് തീരുമാനിച്ചത് ആ ടാലന്റിൽ ഉള്ള വിശ്വാസം കൊണ്ടാണ്. താരത്തിനും ക്ലബിനും പരസ്പരം ഉള്ള ഈ വിശ്വാസം കേരള ബ്ലാസ്റ്റേഴ്സ് ആരാധകർക്കും കൂടെ വേണം.

വിമർശനങ്ങൾ താരത്തെ മികവിലേക്കെ നയിക്കു. സംശയമില്ല. പക്ഷെ ഉയരമില്ല അതുകൊണ്ട് ഗോൾ കീപ്പർ നന്നാവില്ല എന്ന മുൻവിധികളുമായി ധീരജിനെതിരെ തിരിയരുത്. ഇന്ത്യ കണ്ട ഏറ്റവും മികച്ച ഗോൾകീപ്പറായി മാറിയാക്കേവുന്ന ഒരു ടാലന്റാണ് ധീരജ്.

Advertisement