ഇന്നലെ കേരള ബ്ലാസ്റ്റേഴ്സ് എതിരില്ലാത്ത മൂന്ന് ഗോളിന് വിജയിച്ച മത്സരത്തിനു ശേഷം ഗോൾ അടിക്കാരെ പറ്റി പറയുന്നതിന് പകരം ഗോൾ തടുത്ത ധീരജിനെ കുറിച്ചായിരുന്നു കേരള ആരാധകർ സംസാരിച്ചത്. ധീരജ് സിംഗ് ഇന്ത്യയുടെ ഭാവി ഒന്നാം നമ്പർ ആകും എന്നത് വെറുതെ ആൾക്കാർ പറയുന്നതല്ല എന്ന് തെളിയിക്കുന്നതായിരുന്നു ഇന്നലത്തെ ചെന്നൈയിന് എതിരായ പ്രകടനം.
ഇന്നലെ ധീരജ് നേടിയ ക്ലീൻ ഷീറ്റ് ധീരജിന് മാത്രം അവകാശപ്പെട്ടതായിരുന്നു. ഗോൾ എന്നുറച്ച അര ഡസണോളം ഷോട്ടുകളാണ് ധീരനായ ധീരജ് ഇന്നലെ തട്ടി അകറ്റിയത്. അതിൽ ഇന്നലെ അവസാന നിമിഷം ഗോൾ വലയ്ക്ക് ഉള്ളിലേക്ക് ചാടിക്കൊണ്ട് ഒരു ഹെഡർ സേവ് ചെയ്തത് ഇംഗ്ലീഷ് കീപ്പർ ഗോർഡൻ ബാങ്ക്സിന്റെ ഇതിഹാസ സേവിനെ ഓർമ്മിപ്പിക്കും വിധത്തിൽ ഉള്ളതായിരുന്നു. ഇന്നലെ ധീരജിന് പകരം വേറെ ആരെങ്കിലും ആയിരുന്നു എങ്കിൽ മത്സരഫലം ചെന്നൈക്ക് അനുകൂലമായി പോലും മാറാമായിരുന്നു.
ഐ എസ് എൽ തുടക്കത്തുൽ കേരള ബ്ലാസ്റ്റേഴ്സിന്റെ വല കാത്ത ധീരജിനെതിരെ നിരവധി വിമർശനങ്ങൾ വന്നിരുന്നു. ഒരു അബദ്ധവും ധീരജ് കാണിച്ചില്ല എങ്കിലും ഉയരമില്ല എന്നും മറ്റും പറഞ്ഞ് വഴങ്ങുന്ന ഒരോ ഗോളുകളും അവന്റെ പിഴവായി ചൂണ്ടി കാണിച്ചിരുന്നു. എന്നാൽ ഇപ്പോൾ ഐ എസ് എൽ അവസാനത്തിൽ എത്തുമ്പോൾ ധീരജ് കേരള ബ്ലാസ്റ്റേഴ്സിന്റെ ഒന്നാം നമ്പറായി തന്നെ നിൽക്കുകയാണ്. ഇനി വരുന്ന ഏഷ്യൻ അണ്ടർ 23 യോഗ്യതാ റൗണ്ടിലും ധീരജ് ഇന്ത്യയുടെയും ഒന്നാം നമ്പറാകും.