ഇന്ത്യൻ സൂപ്പർ ലീഗിൽ ചെന്നൈയിനും ജംഷദ്പൂരും ഇന്ന് നേർക്കുനേർ വരും. പ്ലേ ഓഫ് പ്രതീക്ഷ നിലനിർത്താൻ ഇന്ന് ഇരു ടീമുകൾക്കും വിജയിക്കേണ്ടതുണ്ട്. 18 പോയിന്റുമായി ജംഷദ്പൂർ ലീഗിൽ ഏഴാം സ്ഥാനത്തും 17 പോയിന്റുള്ള ചെന്നൈയിൻ ലീഗ എട്ടാം സ്ഥാനത്തുമാണ്. നാലാം സ്ഥാനത്തേക്കാൾ 5ഉം 6ഉം പോയിന്റ് പിറകിൽ ഉള്ള ടീമുകൾക്ക് ഇനിയും ഒരു പരാജയം കൂടെ ഉൾക്കൊള്ളാൻ ആകില്ല.
സീസണിൽ നേരത്തെ ഇരു ടീമുകളും ഏറ്റുമുട്ടിയപ്പോൾ ചെന്നൈയിനായിരുന്നു വിജയിച്ചത്. ആ വിജയം ആവർത്തിക്കാൻ ആകും ചെന്നൈയിൻ ശ്രമം. രണ്ടു ടീമുകളും സമീപ കാലത്ത് അത്ര ഫോമിലല്ല കളിക്കുന്നത്. ചെന്നൈയിൻ ആണ് ലീഗിൽ ഏറ്റവും കുറവ് ഗോളടിച്ച ടീം. അതുകൊണ്ട് തന്നെ ഗോളടിയാണ് അവരുടെ പ്രധാന പ്രശ്നം. ജംഷദ്പൂരിനും ഗോൾ സ്കോറിംഗ് പ്രശ്നമാണ്. വാൽസ്കിസ് ആണ് അവരുടെ ഗോളിനായുള്ള പ്രധാന ആശ്രയം. അവരുടെ പകുതിയിൽ അധികം ഗോളുകളും നേടിയത് വാൽസ്കിസാണ്. ഇന്ന് രാത്രി 7.30നാണ് മത്സരം നടക്കുന്നത്.