ഐഎസ്എൽ ഇന്ന് നടന്ന മത്സരത്തിൽ ഹൈദരാബാദ് എഫ്സിയെ കീഴടക്കി കൊണ്ട് സീസണിലെ ആദ്യ വിജയം കുറിച്ച് ചെന്നൈയിൻ എഫ്സി. മത്സരത്തിന്റെ തുടക്കത്തിൽ തന്നെ കോണർ ഷീൽഡ്സ് നേടിയ ഗോളിന്റെ ബലത്തിലായിരുന്നു ചെന്നൈയിൻ മൂന്ന് പോയിന്റ് കരസ്ഥമാക്കിയത്. മൂന്ന് മത്സരങ്ങൾ പിന്നിടുമ്പോൾ ഹൈദരാബാദിന് ഇതുവരെ ജയമോ സമനിലയോ നേടിയിട്ടില്ല ടീമിന് വലിയ ആശങ്ക പകരും.
ഏഴാം മിനിറ്റിൽ തന്നെ ചെന്നൈയിൻ മത്സരത്തിൽ ലീഡ് എടുത്തു. കൗണ്ടർ നീക്കത്തിലൂടെ എത്തിയ പന്ത് ബോക്സിന്റെ വലത് ഭാഗത്ത് നിന്നും അങ്കിത് മുഖർജി പോസ്റ്റിന് മുന്നിലേക്ക് നീട്ടി നൽകിയപ്പോൾ എതിർ താരങ്ങൾക്കിടയിൽ നിന്നും ലക്ഷ്യം കാണാൻ കൊണർ ഷീൽഡ്സിനായി. താരത്തിന്റെ സീസണിലെ ആദ്യ ഗോൾ ആയിരുന്നു ഇത്. 21ആം മിനിറ്റിൽ ഹൈദരാബാദ് സമനില ഗോളിന് അടുത്തെത്തി. വലത് വിങ്ങിൽ നിന്നും നോൽസ് നൽകിയ പാസിലേക്ക് ആരോൺ സിൽവ കുതിച്ചെത്തിയെങ്കിലും താരത്തിന്റെ ഷോട്ട് ലക്ഷ്യത്തിൽ നിന്നും അകന്ന് പോയി. റഹീം അലിയുടെ ഷോട്ട് കീപ്പർ തടുത്തു. ജാവോ വിക്ടറിന്റെ ബോക്സിന് പുറത്തു നിന്നുള്ള ശ്രമവും മജൂംദാർ കൈക്കലാക്കി. ഇഞ്ചുറി സമയത്ത് കീപ്പറുടെ പിഴവിൽ ഷീൽഡ്സ് വീണ്ടും ഗോളിന് അടുത്തെത്തിയെങ്കിലും ഗുർമീതിന് അവസാന നിമിഷം അപകടം ഒഴിവാക്കാൻ സാധിച്ചു.
രണ്ടാം പകുതിയിലും ഇരു ഭാഗത്തും അവസരങ്ങൾ പിറന്നു. എതിർ താരങ്ങളെ മറികടന്ന് നിഖിൽ പൂജാരി തൊടുത്ത ഷോട്ട് പോസിറ്റിന് മുകളിലൂടെ കടന്ന് പോയി. ക്രിവല്ലരോ ഒരുക്കിയ മികച്ച ഒരവസരത്തിൽ പോസ്റ്റിനുള്ളിൽ നിന്നും ഷീൽഡ്സിന്റെ ശ്രമം സൈഡ് നെറ്റിൽ അവസാനിച്ചു. ഷീൽഡ്സ് നൽകിയ ക്രോസിൽ നിന്നും തികച്ചും മാർക് ചെയ്യപ്പെടാതെ നിന്ന റഹീം അലിക്ക് ലഭിച്ച സുവർണാവസരവും പാഴായി. സമനില ഗോളിനായി ഹൈദരാബാദ് കിണഞ്ഞു ശ്രമിച്ചെങ്കിലും ചെന്നൈയിൻ പ്രതിരോധം ഉറച്ചു തന്നെ നിന്നു. ജോർഡൻ മറെ കീപ്പറേയും മറികടന്ന് തൊടുത്ത ഷോട്ട് ഹൈദരാബാദ് താരം നിഖിൽ പൂജാരിയുടെ ദേഹത്തും പോസിറ്റിലും തട്ടി ഗോൾ ലൈനിനെ സ്പർശിച്ചു പുറത്തേക്ക് പോയപ്പോൾ ചെന്നൈയിന് ലീഡ് ഉയർത്താനുള്ള അവസരം പാഴായി. ഇരു ടീമുകൾക്കും ലഭിച്ച അവസരങ്ങൾ മുതലെടുക്കാൻ സാധിക്കാതെ വന്നതോടെ ചെന്നൈയിൻ ഇതേ സ്കോറിന് മത്സരം സ്വന്തമാക്കി.