ഐ എസ് എല്ലിൽ ഇന്ന് നടക്കുന്ന മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്സ് ജംഷദ്പൂരിനെ നേരിടുകയാണ്. ആദ്യ പകുതി അവസാനിക്കുമ്പോൾ ഇരു ടീമുകളും ഗോൾ രഹിത സമനിലയിൽ നിൽക്കുന്നു. രാഹുൽ, ജീക്സൺ, ഫകുണ്ടോ തുടങ്ങി പ്രധാന താരങ്ങൾ ഒക്കെ ഇല്ലാതെ ഇറങ്ങിയിട്ടും ഗംഭീര പ്രകടനമാണ് ആദ്യ പകുതിയിൽ കേരള ബ്ലാസ്റ്റേഴ്സ് കാഴ്ചവെച്ചത്.
ആദ്യ പകുതിയിൽ കേരള ബ്ലാസ്റ്റേഴ്സ് ആണ് ആധിപത്യം പുലർത്തിയത്. 30ആം മിനുട്ടിൽ വാൽസ്കിസിന് ഒരു നല്ല അവസരം കിട്ടിയുരുന്നു എങ്കിലും മുതലെടുക്കാൻ ആയില്ല. 33ആം മിനുട്ടിൽ കേരള ബ്ലാസ്റ്റേഴ്സിനു വേണ്ടി ഗാരി ഹൂപ്പർ പന്ത് വലയിൽ എത്തിച്ചിരുന്നു എങ്കിലും റഫറി ഓഫ്സൈഡ് വിളിച്ചതു കൊണ്ട് സ്കോർ 0-0 എന്ന നിലയിൽ നിന്നു. പിന്നീട് കേരള ബ്ലാസ്റ്റേഴ്സ് തുടർച്ചയായി അവസരങ്ങൾ ഉണ്ടാക്കി. 42ആം മിനുട്ടിൽ രണ്ട് തവണയാണ് കേരള ബ്ലാസ്റ്റേഴ്സിനെ ക്രോസ് ബാർ ചതിച്ചത്. ആദ്യം ഗാരി ഹൂപ്പറിന്റെ ലോങ് റേഞ്ചർ പോസ്റ്റിൽ തട്ടി മടങ്ങി. പോസ്റ്റിൽ തട്ടി ഗോൾ വലയ്ക്ക് ഉള്ളിൽ കയറിയാണ് പന്ത് വന്നത്. പക്ഷെ ലൈൻസ് മാൻ ഗോൾ വിധിച്ചില്ല.
സെക്കൻഡുകൾക്കകം മറെയുടെ ഹെഡറിനും പോസ്റ്റ് വിനയായി നിന്നു. ഇതിനു പിന്നാലെ പൂട്ടിയയുടെ പാസിൽ നിന്ന് ഒരു അവസരം കൂടെ കേരള ബ്ലാസ്റ്റേഴ്സിന് കിട്ടി. പക്ഷെ മറെയുടെ ഷോട്ട് സൈഡ് നെറ്റിൽ തട്ടിയെ ഉള്ളൂ. 48ആം മിനുട്ടിൽ പൂറ്റിയയുടെ ഷോട്ടും പോസ്റ്റിൽ തട്ടി മടങ്ങി. നിർഭാഗ്യം കൊണ്ട് മാത്രമാണ് കേരള ബ്ലാസ്റ്റേഴ്സ് ആദ്യ പകുതിയിൽ ഗോൾ നേടാതിരുന്നത്.