നാളെ ഐ എസ് എൽ ഏറ്റവും ആവേശകരമായ പോരാട്ടത്തിൽ കേരള ബ്ലാസ്റ്റേഴ്സും ബെംഗളൂരു എഫ് സിയും ഏറ്റുമുട്ടാൻ ഇരിക്കുകയാണ്. ബെംഗളൂരു എഫ് സിയുടെ ഹോം ഗ്രൗണ്ടായ കണ്ടീരവ സ്റ്റേഡിയത്തിൽ വെച്ചാണ് മത്സരം നടക്കുന്നത്. ബെംഗളൂരുവിന്റെ ഹോം ഗ്രൗണ്ടാണെങ്കിലും അത് കേരള ബ്ലാസ്റ്റേഴ്സിന്റെ ഹോം ഗ്രൗണ്ടായി നാളെ സ്റ്റേഡിയം മാറും.
അത്രയ്ക്ക് കേരള ബ്ലാസ്റ്റേഴ്സ് ആരാധകർ ആണ് ബെംഗളൂരുവിലേക്ക് യാത്ര ചെയ്യുന്നത്. എവേ സ്റ്റാൻഡു മാത്രമല്ല കണ്ടീരവ മുഴുവൻ നാളെ കാണികളാൽ നിറയും. സ്റ്റേഡിയത്തിലെ ടിക്കറ്റ് മുഴുവൻ വിറ്റു തീർന്നതായാണ് അവസാന വിവരം. അവസാന സീസണുകളിലും ബെംഗളൂരു എഫ് സിക്ക് എതിരായ എവേ മത്സരങ്ങളിൽ വൻ തോതിൽ കേരള ബ്ലാസ്റ്റേഴ്സ് ആരാധകർ ഗ്യാലറിയിൽ ഉണ്ടായിരുന്നു.നാളെ ബെംഗളൂരു എഫ് സിയെ തോൽപ്പിക്കാൻ കൂടി ആയി എങ്കിൽ അത് കേരള ബ്ലാസ്റ്റേഴ്സ് ആരാധകർക്ക് മറക്കാൻ കഴിയാത്ത അനുഭവമായി മാറും. എന്നാൽ ബെംഗളൂരു എഫ് സിക്ക് എതിരെ നല്ല റെക്കോർഡ് ഒന്നും കേരള ബ്ലാസ്റ്റേഴ്സിന് പറയാനില്ല.