ഐ എസ് എല്ലിൽ ഈ സീസണിലും കിരീട പോരാട്ടത്തിൽ തങ്ങൾ ഉണ്ടാകുമെന്ന് വ്യക്തമാക്കി കൊണ്ട് ബെംഗളൂരു എഫ് സി വീണ്ടും ഒരു ഗംഭീര വിജയം സ്വന്തമാക്കി. ഇന്ന് ഒഡീഷ എഫ് സിയെ ആണ് ബെംഗളൂരു എഫ് സി തോൽപ്പിച്ചത്. ഒഡീഷയെ നേരിട്ട ബെംഗളൂരു ഒന്നിനെതിരെ രണ്ടു ഗോളുകൾക്കാണ് വിജയിച്ചത്. ഒഡീഷയുടെ ആദ്യ വിജയം എന്ന സ്വപ്നത്തിന് ഇനിയും കാത്തിരിക്കേണ്ടി വരും.
ഇന്ന് മത്സരം നന്നായി തുടങ്ങാൻ ഒഡീഷയ്ക്ക് ആയി. എന്നാൽ ഗോൾ കണ്ടെത്താൻ ആയില്ല. ഒന്വു ഒരു ഗോൾ അടിച്ചു എങ്കിലും അത് ലൈൻ റഫറി തെറ്റായി ഓഫ്സൈഡ് വിളിച്ചു. അതിനു ശേഷം ഉണർന്നു കളിച്ച ബെംഗളൂരു എഫ് സി സുനിൽ ഛേത്രിയിലൂടെ ആദ്യ ഗോൾ കണ്ടെത്തി. ഖാബ്രയുടെ ക്രോസിൽ നിന്ന് ഒരു മനോഹര ഹെഡറിലൂടെ ആയിരുന്നു ഛേത്രിയുടെ ഗോൾ. ആദ്യ പകുതിയിൽ ഈ ഗോളിന് മറുപടി നൽകാൻ ഒഡീഷയ്ക്ക് ആയില്ല.
രണ്ടാ പകുതിയിൽ 71ആം മിനുട്ടിൽ ക്യാപ്റ്റൻ സ്റ്റീവൻ ടെയ്ലറിലൂടെ ഒഡീഷ സമനില കണ്ടെത്തി. പക്ഷെ എട്ടു മിനുട്ടുകൾക്ക് അകം ലീഡ് തിരികെ പിടിക്കാൻ ബെംഗളൂരുവിനായി. ഇത്തവണ വിദേശ താരം സിൽവ ആണ് ഗോളുമായി എത്തിയത്. ഈ വിജയം ബെംഗളൂരു എഫ് സിയെ ലീഗിൽ മൂന്നാം സ്ഥാനത്ത് എത്തിച്ചു. ആറു മത്സരങ്ങളിൽ 12 പോയിന്റാണ് ബെംഗളൂരുവിന് ഉള്ളത്. ഒരു പോയിന്റ് മാത്രമുള്ള ഒഡീഷ ലീഗിൽ പത്താമത് ആണ്.