ബെംഗളൂരു എഫ് സിക്ക് ബ്രസീലിൽ നിന്നൊരു ഗംഭീര സ്ട്രൈക്കർ

ബെംഗളൂരു എഫ് സി അടുത്ത സീസണായുള്ള ആദ്യ വിദേശ സൈനിംഗ് പൂർത്തിയാക്കി. ബ്രസീലിയൻ സ്വദേശിയായ ക്ലിയടൺ സിൽവയാണ് ബെംഗളൂരു എഫ് സിയുമായി കരാർ ഒപ്പുവെച്ചത്. ഒരു വർഷത്തെ കരാറിലാണ് താരം ബെംഗളൂരുവിൽ എത്തുന്നത്. മികച്ച പ്രകടനം നടത്തുക ആണെങ്കിൽ രണ്ടാം വർഷത്തിലേക്ക് കൂടെ കരാർ നീട്ടാനും വ്യവസ്ഥയുണ്ട്.

അറ്റാക്കിൽ എവിടെയും കളിക്കാൻ കഴിവുള്ള താരമാണ് സിൽവ. 33കാരനായ താരം തായ് ലീഗിലെ എക്കാലത്തെയും മികച്ച ഗോൾ സ്കോറർ ആണ്. തായ്ലന്റിലെ മുവാങ്തോങ് യുണൈറ്റഡിലും സുഫൻബുരിയിലും ആയിരുന്നു കരിയറിന്റെ പ്രധാന ഭാഗം സിൽവ ചിലവഴിച്ചത്. ഇതു കൂടാതെ ചൈന, മെക്സിക്കോ എന്നീ രാജ്യങ്ങളിലും സിൽവ കളിച്ചിട്ടുണ്ട്. തായ്ലാന്റിൽ 100ൽ അധികം ഗോളുകൾ അടിക്കുന്ന ആദ്യ വിദേശ താരമായി സിൽവ മുമ്പ് മാറിയിരുന്നു. സിൽവയെ കൂടാതെ പാർതാലു, ജുവാനൻ, ദിമാ ദെൽഗാഡോ എന്നിവരാണ് ബെംഗളൂരു എഫ് സിയിൽ ഇപ്പോൾ വിദേശ താരങ്ങളായി ഉള്ളത്.