പ്ലേ ഓഫ് സാധ്യതകൾ നിലനിർത്താൻ എ.ടി.കെയും ജാംഷെഡ്‌പൂരും

- Advertisement -

ഐ.എസ്.എല്ലിൽ ഇന്ന് രണ്ടാമത്തെ മത്സരത്തിൽ എ.ടി.കെയും കോപ്പലാശാന്റെ ജാംഷെഡ്‌പൂർ എഫ്.സിയും ഏറ്റുമുട്ടും. കൊൽക്കത്തയിലെ യുഭഭാരതി ക്രിരംഗൻ സ്റ്റേഡിയത്തിൽ വെച്ചാണ് മത്സരം. പ്ലേ ഓഫ് സാധ്യതകൾ നിലനിർത്താൻ ഇരു ടീമുകൾക്കും വിജയം വേണം എന്നിരിക്കെ ഇന്നത്തെ മത്സരം പൊടി പാറും.

ആഷ്‌ലി വെസ്റ്റ് വുഡിന് കീഴിൽ ആദ്യ മത്സരത്തിന് ഇറങ്ങിയ എ.ടി.കെ ചെന്നൈയിനോട് കഴിഞ്ഞ മത്സരത്തിൽ തോറ്റിരുന്നു. കഴിഞ്ഞ രണ്ട് മത്സരങ്ങളിലെ തോൽവി ടീമിന്റെ പ്ലേ ഓഫ് സാധ്യതകളെ തളർത്തിയ സ്ഥിതിക്ക് ഇന്ന് എ.ടി.കെക്ക് വിജയം കൂടിയേ തീരു. പോയിന്റ് പട്ടികയിൽ എട്ടാം സ്ഥാനത്താണ് എ.ടി.കെ. കഴിഞ്ഞ തവണത്തെ ചാംപ്യൻമാരായ എ.ടി.കെ കഴിഞ്ഞ ദിവസം അവരുടെ കോച്ച് ടെഡി ഷെറിങ്ഹാമിനെ പുറത്താക്കിയിരുന്നു. എ.ടി.കെ നിരയിൽ പരിക്ക് മൂലം റോബി കീൻ, സിക്വിഞ്ഞ, റയാൻ ടൈലർ എന്നിവർ ഇന്നിറങ്ങില്ല.

ജാംഷെഡ്‌പൂർ ആവട്ടെ പൂനെ സിറ്റിയോട് തോൽവിയേറ്റുവാങ്ങിയാണ് ഇന്നത്തെ മത്സരത്തിനിറങ്ങുന്നത്. 2-1നാണ് പൂനെ സിറ്റി ജാംഷെഡ്‌പൂരിനെ തോൽപ്പിച്ചത്. പോയിന്റ് പട്ടികയിൽ കേരളത്തിന് തൊട്ടുപിറകിലായി ആറാം സ്ഥാനത്താണ് ജാംഷെഡ്‌പൂർ. നേരത്തെ ഇരുടീമുകളും ഏറ്റുമുട്ടിയപ്പോൾ മത്സരം ഗോൾ രഹിത സമനിലയിലായിരുന്നു.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement