ഉത്തർപ്രദേശിലെ ലാറിൽ വെച്ചു കഴിഞ്ഞ ഒരാഴ്ചയായി നടന്നു വന്ന ധർമനാഥ് സിംഗ് ലാറി മെമ്മോറിയൽ ഓൾ ഇന്ത്യ ഫുട്ബോൾ ടൂർണമെന്റിൽ കലാശപ്പോരാട്ടത്തിൽ ഖൈറാബാദ് ഫുട്ബോൾ ക്ലബ്ബിനെ പരാജയപ്പെടുത്തി ഗ്ലോബൽ ഫുട്ബോൾ ക്ലബ് ജേതാക്കളായി. നിശ്ചിത സമയത്തും അധികസമയത്തും ഗോൾ രഹിത സമനില പാലിച്ചതിനാൽ ഷൂട്ട് ഔട്ടിലാണ് വിജയികളെ തീരുമാനിക്കപ്പെട്ടത്. ഫൈനൽ മത്സരത്തിൽ ഗംഭീര പ്രകടനം കാഴ്ച വെച്ച ഗ്ലോബൽ ഫുട്ബോൾ ക്ലബ് ഗോൾ കീപ്പർ മുഹമ്മദ് സിനാൻ ഫൈനലിലെ മികച്ച കളിക്കാരനുള്ള അവാർഡ് കരസ്ഥമാക്കി.
ആദ്യ മത്സരത്തിൽ ബിഹാറിൽ നിന്നുള്ള ആറ എഫ് സി യെ മൂന്ന് ഗോളിനും സെമി ഫൈനലിൽ ഛപ്ര ഫുട്ബോൾ ക്ലബ്ബിനെ ആറു ഗോളിനും പരാജയപ്പെടുത്തിയാണ് ടീം ഫൈനലിൽ പ്രവേശിച്ചത്. ടൂർണമെന്റിൽ ഉടനീളം മികച്ച പ്രകടനം പുറത്തെടുത്ത ഗ്ലോബൽ എഫ് സി യുടെ അമിത് ടൂർണമെന്റിലെ മികച്ച താരമായും തിരഞ്ഞെടുക്കപ്പെട്ടു.
ഉത്തരേന്ത്യയിലെ പ്രമുഖ ടീമുകൾ മാറ്റുരച്ച സീനിയർ ലെവൽ ടൂർണമെന്റിൽ ഗ്ലോബൽ എഫ് സിക്കായി മൈതാനത്തിറങ്ങിയത് ഗ്ലോബൽ ഫുട്ബോൾ അക്കാദമിയിലെ പതിനാറിനും പതിനെട്ടിനും ഇടയിൽ പ്രായമുള്ള കളിക്കാരാണെന്നുള്ളത് വിജയത്തിന്റെ മാറ്റു കൂട്ടുന്നു.
ഈ മാസം രണ്ടു മുതൽ എട്ട് വരെ ദേവാരിയയിൽ വെച്ച് നടന്ന ഓൾ ഇന്ത്യ ഫുട്ബോൾ ടൂർണമെന്റിലും ടീം പങ്കെടുത്തിരുന്നു. രാജസ്ഥാനോടു സെമി ഫൈനലിൽ പരാജയപ്പെട്ടെങ്കിലും ടൂർണമെന്റിലെ മികച്ച ഗോൾ കീപ്പർക്കുള്ള അവാർഡ് മുഹമ്മദ് സിനാനും മികച്ച കോച്ചിനുള്ള അവാർഡ് മുബഷിർ അലിയും കരസ്ഥമാക്കിയിരുന്നു.