അയാക്സ് യൂത്ത് താരമായ 23കാരനെ ഈസ്റ്റ് ബംഗാൾ സ്വന്തമാക്കി

ഈസ്റ്റ് ബംഗാൾ അവരുടെ ടീം ശക്തമാക്കുന്നതിന്റെ ഭാഗമായി അവരുടെ അഞ്ചാം വിദേശ സൈനിംഗ് പൂർത്തിയാക്കി. വെറും 23കാരനായ ഡച്ച് താരം ഡാരൻ സിഡോൽ ആണ് ഈസ്റ്റ് ബംഗാളിൽ എത്തിയിരിക്കുന്നത്. ഈ സീസൺ ഐ എസ് എല്ലിലെ തന്നെ മികച്ച സൈനിംഗുകളിൽ ഒന്നാകും ഈ ഡിഫൻസീവ് മിഡ്ഫീൽഡർ. അയാക്സിന്റെ അക്കാദമിയിലൂടെ വളർന്നു വന്നതാരമാണ് ഡാരൻ. 2012 മുതൽ 2018 വരെ താരം അയാക്സിൽ ഉണ്ടായിരുന്നു.

അയാക്സിന്റെ അക്കാദമിക്കായും റിസേർവ്സ് ടീമിനായും കളിച്ചിട്ടുണ്ട്. ഇംഗ്ലീഷ് ക്ലബായ റീഡിംസ്, സ്പാനിഷ് ക്ലബായ ഹെർകുലിസ് എന്നീ ടീമുകൾക്കായി ലോണിൽ കളിച്ചിട്ടുണ്ട്. ഹോളണ്ടിന്റെ അണ്ടർ 17 ടീമിനെയും പ്രതിനിധീകരിച്ചിട്ടുണ്ട്. കഴിഞ്ഞ സീസൺ ഐ എസ് എല്ലിലെ നിരാശ തീർക്കാൻ ഉറച്ചു നിൽക്കുന്ന ഈസ്റ്റ് ബംഗാൾ ഇതുവരെ ഗംഭീര സൈനിംഗുകൾ ആണ് നടത്തിയിരിക്കുന്നത്.