അത്ഭുതങ്ങൾ കാണിച്ച് നെമിൽ, ജംഷദ്പൂരിനെ തകർത്തെറിഞ്ഞ് എഫ് സി ഗോവ

ഡ്യൂറണ്ട് കപ്പിലെ തന്നെ താരമായി മാറിക്കഴിഞ്ഞ മലയാളി താരം നെമിൽ ഇന്ന് വീണ്ടും അത്ഭുതങ്ങൾ കാണിച്ചിരിക്കുകയാണ്. ഇന്ന് ജംഷദ്പൂരിനെതിരെ ഇറങ്ങിയ ഗോവ എതിരില്ലാത്ത അഞ്ചു ഗോളുകൾക്ക് വിജയിച്ച് ഗ്രൂപ്പ് ചാമ്പ്യന്മാരായി. ഇന്ന് ഇരട്ട ഗോളുകളുമായി നെമിൽ തന്നെയാണ് കളിയിലെ താരമായി മാറിയത്. ഇത് ഒരു മനോഹരമായ ചിപ് ഗോളും ഉണ്ടായിരുന്നു. ആദ്യ പകുതിയിൽ ദേവേന്ദ്രയുടെ ഇരട്ട ഗോളുകളും പ്രിൻസെടന്റെ ഒരു ഗോളും ഗോവയെ എതിരില്ലാത്ത മൂന്നു ഗോളുകൾക്ക് മുന്നിൽ എത്തിച്ചു.

രണ്ടാം പകുതിയിലായിരുന്നു നെമിലിന്റെ ഗോളുകൾ. 47ആം മിനുട്ടിൽ നൊഗുവേരയുടെ പാസ് സ്വീകരിച്ചായിരുന്നു നെമിലിന്റെ ആദ്യ ഗോൾ. പിന്നീട് 82ആം മിനുട്ടിൽ അത്ഭുത ഗോളും വന്നു. ജംഷദ്പൂർ ഡിഫൻസിനെ ഡ്രിബിൾ ചെയ്ത് മാറ്റി മുന്നേറിയ നെമിൽ ഗോൾ ലൈനിൽ നിന്ന് മുന്നേറിയ ഗോളിയെ കബളിപ്പിച്ച് ചിപ്പ് ചെയ്ത് പന്ത് വലയിൽ എത്തിച്ചു. ഈ ഗോളുകൾ മാത്രമായിരുന്നില്ല നെമിലിന്റെ മനോഹര നീക്കങ്ങളാൽ നിറഞ്ഞ മത്സരമായിരുന്നു ഇത്. കഴിഞ്ഞ മത്സരത്തിലും നെമിൽ ഗോൾ നേടിയിരുന്നു.

മൂന്ന് മത്സരങ്ങളിൽ 9 പോയിന്റുമായി ഗോവ ക്വാർട്ടറിലേക്ക് കടന്നു‌. ജംഷദ്പൂർ നോക്കൗട്ട് ഘട്ടം കാണാതെ പുറത്തായി.